Mantis Partners Sydney
Tuesday, February 3, 2026
Mantis Partners Sydney
Home » യുവജനതയെ കേന്ദ്രീകരിച്ചു കേന്ദ്ര ബജറ്റ്; പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ
യുവജനതയെ കേന്ദ്രീകരിച്ചു കേന്ദ്ര ബജറ്റ്; പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ

യുവജനതയെ കേന്ദ്രീകരിച്ചു കേന്ദ്ര ബജറ്റ്; പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ

by Editor

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ബിജെപി മുതിർന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിർമ്മല സീതാരാമൻ ഇന്ന് (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് അവതരിപ്പിച്ചു . ഇതോടെ തുടർച്ചയായി ഒമ്പത് കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറി. ജനക്ഷേമം, എല്ലാവർക്കും എല്ലാം, യുവജനക്ഷേമം എന്നീ മൂന്ന് കടമകൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ ബജറ്റ് തയ്യാറാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

നികുതി നിയമങ്ങളിൽ മാറ്റങ്ങളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങൾ ലഘൂകരിക്കും. 2026-27 വർഷം ധനക്കമ്മി ജിഡിപിയുടെ 4.2 ശതമാനമായി കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ സാമ്പത്തിക വർഷം ഇത് 4.4 ശതമാനമായിരുന്നു.

വിവിധ നഗരങ്ങൾക്കിടയിൽ ഏഴ് അതിവേഗ റയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കുമെന്നും, ഒഡീഷയിലെ ദേശീയ ജലപാത  മുതൽ താൽച്ചർ, അങ്കുൾ എന്നീ ധാതു സമ്പന്ന പ്രദേശങ്ങളും കലിംഗനഗർ പോലുള്ള വ്യാവസായിക കേന്ദ്രങ്ങളും പാരദീപ്, ധമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അവർ പറഞ്ഞു.

ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത് മൂലകങ്ങൾക്കായി ചൈനയെ ആണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.

കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്തേക്കും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്.

എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാം. ആയുഷ് ഫാർമസികൾ, ആയുർവേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ആയുർവേദം ആഗോളതലത്തിൽ സ്വീകാര്യതയും അംഗീകാരവും നേടിയെന്ന് നിർമല പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (നിംഹാൻസ്) മറ്റൊരു കേന്ദ്രം വടക്കേ ഇന്ത്യയിൽ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏഴ് അതിവേഗ റയിൽ ഇടനാഴികളുടെ പ്രഖ്യാപനവും ധനമന്ത്രി നടത്തി. മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികളാണ് ധനമന്ത്രി ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കു പച്ചക്കൊടി വീശിയില്ല. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബയോഫാർമ മേഖലയ്ക്കായി 10,000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ദീർഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയൻസ് മേഖലയിലെ വളർച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബയോഫാർമ മേഖലയെ കേന്ദ്രീകരിച്ച ഗവേഷണത്തിനും പരിശീലനത്തിനുമായി മൂന്ന് പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NIPER) സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നിലവിലുള്ള ഏഴ് സ്ഥാപനങ്ങളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, 1,000 അംഗീകൃത ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു ദേശീയ ശൃംഖല സ്ഥാപിക്കും.

വിദേശികൾക്ക് ഇനി ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശംവെയ്ക്കാവുന്ന ഓഹരികളുടെ പരിധി വർധിപ്പിക്കുകയും ചെയ്തു. കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) വർധിപ്പിക്കുന്നതിനായി പുതിയ മാർക്കറ്റ്-മേക്കിംഗ് ഫ്രെയിംവർക്കും പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയെ ആഗോള തലത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ.

ബജറ്റിൽ ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആഗോള സെമികണ്ടക്ടർ മത്സരത്തിൽ ഇന്ത്യയ്ക്ക് ഊർജം പകരുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയിരിക്കുന്നത്.

മറ്റു പ്രഖ്യാപനങ്ങൾ:
*
പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
* 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
* വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
* വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
* വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ
* ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
* ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്
* ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല
* കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്
* ​ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം
* വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം
* ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും
* മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്പദ്ധതി
* രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും
* മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍, ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും
* യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും
* മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി.
* പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുന്നതിനായി എല്ലാ ജില്ലയിലും ഒരു പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
* കാൻസർ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഇല്ല, കാൻസർ മരുന്നുകളുടെ വില കുറയും. 7 അപൂർവ രോഗങ്ങളുടെ മരുന്നുകൾക്ക് തീരുവ ഇല്ല.
* കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി.
* എയർക്രാഫ്റ്റ് ഭാ​ഗങ്ങൾക്ക് നികുതിയില്ല.
* വിദേശത്തേക്ക് പണം അയയ്ക്കാൻ നികുതി കുറയ്ക്കും.
* കാർ​ഗോ നീക്കത്തിന് ജല ഇടനാഴി.
* കടൽ വിഭവങ്ങൾക്ക് വില കുറയും.
* തുകൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും.
* മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി
* സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായി ലഭിക്കും.
* വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽനിന്ന് രണ്ട് ശതമാനമാക്കി.
* വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല.
* ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലകൾക്ക് സഹായം.
* കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കും.
* കണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി.
* സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ.
* വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍.
* തുണിത്തര വ്യവസായ ശാലകളെ ആധുനികവൽക്കരിക്കുന്നതിനായി തുണിത്തര വികസന, തൊഴിൽ പദ്ധതി.

Send your news and Advertisements

You may also like

error: Content is protected !!