ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് ഷെയറിൽ ട്രെയിനിൽ ഉണ്ടായ കത്തിക്കുത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒൻപത് പേരുടെ നില ഗുരുതരം. ട്രെയിനിൽ യാത്ര ചെയ്‌തിരുന്നവരെയാണ് ആക്രമിച്ചത്. രണ്ടുപേരെ അറസ്റ്റു ചെയ്തു. ട്രെയിന്‍ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹണ്ടിങ്ടണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്ഷെയർ പൊലീസ് അറിയിച്ചു. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നിരവധിപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലൻഡിൻ്റെയും കിഴക്ക് ഭാഗത്ത് സർവീസ് നടത്തുന്ന ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ ഹണ്ടിങ്ടൺ വഴിയുള്ള സർവീസുകൾ നിർത്തിവെച്ചു. മാത്രമല്ല ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹണ്ടിങ്ടൺ വഴി യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



