നൈജീരിയയിൽ ഐ എസ് കേന്ദ്രങ്ങൾക്ക് നേരെ യു എസ് ആക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് വ്യോമാക്രമണം സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചത്. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ അവിടുത്തെ ഭരണകൂടം പരാജയപ്പെട്ടുവെന്നും, ഇതിനുള്ള മറുപടിയാണ് ഈ സൈനിക നടപടിയെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒക്ടോബർ അവസാനം മുതൽ നൈജീരിയയ്ക്ക് നേരെ ട്രംപ് മുഴക്കിയിരുന്ന ഭീഷണിയാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. ഈ ഓപ്പറേഷനെ പെര്‍ഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നൈജീരിയൻ സർക്കാരിന്റെ “അഭ്യർത്ഥന പ്രകാരം” നടത്തിയ ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയുടെ ആഫ്രിക്കോം എന്ന പ്രത്യേക സൈനിക വിഭാഗമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാൻഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ആഫ്രിക്കോം. ഈജിപ്ത് ഒഴികെയുള്ള 53 ആഫ്രിക്കൻ രാജ്യങ്ങളും ആഫ്രിക്കോമിന് കീഴിലാണ് വരുന്നത്.
താന്‍ നയിക്കുന്ന അമേരിക്ക തീവ്ര ഇസ്ലാമിക ഭീകരത വളരാന്‍ അനുവദിക്കില്ല ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍’ മരണമായിരിക്കും ഫലം എന്നും തീവ്രവാദികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രംപ് പറഞ്ഞു. ‘ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍, അവര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ തന്നെ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ രാജ്യം തീവ്ര ഇസ്ലാമിക ഭീകരതയെ അഭിവൃദ്ധിപ്പെടുത്താന്‍ അനുവദിക്കില്ല. ദൈവം നമ്മുടെ സൈന്യത്തെ അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരട്ടെ, ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍ ഇനിയും നിരവധി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



