കോബാർ: ന്യൂ സൗത്ത് വെയിൽസിലെ പടിഞ്ഞാറൻ പ്രദേശമായ കോബാർ അടുത്ത് ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 4 മണിക്ക് ബ്രോക്കൺ ഹില്ലിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ കിഴക്കുള്ള കോബാറിലെ എൻഡവർ മൈനിനുള്ളിൽ നടന്ന “അനിയന്ത്രിതമായ സ്ഫോടനത്തിൽ” 59 കാരനായ ആംബ്രോസ് മക്മുള്ളനും 24 കാരിയായ ഹോളി ക്ലാർക്കും ആണ് കൊല്ലപ്പെട്ടത്. വെള്ളി, സിങ്ക്, ലെഡ് തുടങ്ങിയ ധാതുക്കൾ ഖനനം ചെയ്‌തിരുന്ന ഈ ഖനി 2020 ൽ അടച്ചതായിരുന്നു. പിന്നീട് പോളിമെറ്റൽസ് ഗ്രൂപ്പ് ഏറ്റെടുത്ത് അടുത്തിടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
സ്ഫോടനത്തിൽ 20 വയസുള്ള യുവതിക്കും പരിക്കേറ്റു. അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സംവിധാനത്തിൻ്റെ ഭീമമായ പരാജയമാണ് അപകടത്തിന് കാരണമെന്ന് ഖനി തൊഴിലാളികളുടെ യൂണിയൻ പറഞ്ഞു. ഖനിയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 1982 ൽ പ്രവർത്തനം ആരംഭിച്ച എൻഡവർ ഖനി പ്രദേശത്തെ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലൊന്നായിരുന്നു.
 



