വാഷിങ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാന് അന്ത്യ ശാസനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു മുന്നറിയിപ്പ്. നേരത്തെ നൽകിയിരുന്ന പത്ത് ദിവസത്തെ കാലാവധി ഏപ്രിൽ ആറിന് അവസാനിക്കാനിരിക്കെയാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി പുതിയ സമയപരിധി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ അമേരിക്കയ്ക്കും ഇസ്രയേലിനും ‘വലിയ സർപ്രൈസ്’ വരുന്നുണ്ടെന്നും അതിന് ഇനി അൽപ സമയം മാത്രമേ എടുക്കൂ എന്നും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് വന്നു. തങ്ങളുടെ പദ്ധതികൾക്കും നിശ്ചിത ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് യുദ്ധത്തിൽ ഇറാൻ മുന്നോട്ട് പോകുന്നതെന്നും ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ സൈനികശശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനം ആണ് 2 യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കൻ വിമാനങ്ങൾ തുടർച്ചയായി വെടിവെച്ചിടപ്പെട്ടത് ഇറാന്റെ പ്രതിരോധം ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് നൽകുന്നത്.
തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്-15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായി. തകർന്നുവീണ എഫ്-15ഇയിലെ പൈലറ്റിനെ കണ്ടെത്താനായി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ റവലൂഷനറി ഗാർഡ്‌സ് തിരച്ചിൽ ശക്തമാക്കി. പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് 61 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിൻ്റെ ചിത്രങ്ങൾ ഇറാൻ വാർത്താഏജൻസികൾ പുറത്തുവിട്ടു. യുഎസ് പൈലറ്റിനെ ഇറാൻ കണ്ടെത്തുകയും ജീവൻ വച്ച് വിലപേശുകയും ചെയ്താൽ യുദ്ധത്തിന്റെ ഗതി മാറിയേക്കാമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
പൈലറ്റിനെ കണ്ടെത്താനായി ഇറാൻ അതിർത്തിക്കുള്ളിൽ അതീവ ദുഷ്‌കരമായ തിരച്ചിലുമായി മുന്നോട്ടു പോകുകയാണ് യുഎസ്. തിരയാനെത്തിയ 2 യുഎസ് ഹെലികോപ്റ്ററുകൾക്ക് ഇറാൻ സൈന്യത്തിൻ്റെ വെടിയേറ്റു. വിമാനങ്ങൾ വീണത് ഇറാൻ ആക്രമണത്തിലാണെന്നു യുഎസ് സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർത്തുവെന്നായിരുന്നു പ്രസിഡന്റ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയ പ്രഹരശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങളെ അമേരിക്ക യുദ്ധമേഖലയിൽ വിന്യസിച്ചിരുന്നു.
അതിനിടെ ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്ലാമബാദിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. ചർച്ച കൃത്യമായ പരിഹാരത്തിലേക്ക് നയിക്കുന്നത് ആകണമെന്നാണ് ഇറാന്റെ നിലപാട്.

