വാഷിങ്ടൻ: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡിൻ്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല. ഗ്രീൻലൻഡിൽ യുഎസ് പതാകയുമായി നിൽക്കുന്ന സ്വന്തം എഐ ചിത്രം ട്രംപ് പങ്കുവയ്ക്കുകയും ചെയ്തു. ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ് പറഞ്ഞു.
അതിനിടെ ഗ്രീൻലൻഡ് വിവാദത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡെന്മാർക്കിലെ എംപി റാസുമസ് ജാർലോവ് രംഗത്ത് വന്നു. ഗ്രീൻലാൻഡിനെ അമേരിക്ക കീഴടക്കാൻ ശ്രമിച്ചാൽ അത് യുദ്ധത്തിലേ അവസാനിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ശക്തരാണെന്ന് അറിയാം. പക്ഷെ സ്വന്തം ഭൂമിയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ജാർലോവ് പറഞ്ഞു.
ട്രംപിന്റെ സമ്മർദ്ദത്തിന് വിധേയരാകില്ലെന്ന് ഗ്രിൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. യുഎസ് ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നായിരുന്നു ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസൻ്റെ പ്രതികരണം. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും വിട്ടുനൽകിക്കൊണ്ടുള്ള ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്‌സൻ പറഞ്ഞു. അതേസമയം ഗ്രീൻലൻഡിൻ്റെ ഭാവി ഗ്രീൻലൻഡിലെ ജനതയുടെയും ഡെന്മാർക്കിന്റെയും മാത്രമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ പറഞ്ഞു.
യുഎസ് നീക്കത്തിനെതിരെ ഇറക്കുമതി തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ഗ്രീൻലൻഡ് കൈവശപ്പെടുത്താനുള്ള യുഎസ് നീക്കത്തെ എതിർത്ത ഡെൻമാർക്ക് ഉൾപ്പെടെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് 10 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഗ്രീൻലൻഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.



