വാഷിങ്ടൺ: വംശീയ കലാപം രൂക്ഷമായ നൈജീരിയയിൽ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്‌ത്യാനികൾക്കുനേരെ വലിയ തരത്തിലുള്ള അതിക്രമങ്ങൾ തുടരുകയാണെന്നും ക്രിസ്ത്യൻ ജനതയെ സംരക്ഷിക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾക്ക് പെൻ്റഗണിന് നിർദേശം നൽകിയിരിക്കുന്നത്.
നൈജീരിയയിൽ ക്രിസ്‌ത്യാനികളുടെ കൂട്ടക്കൊല നടക്കുകയാണെന്നും അമേരിക്ക നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടൻ നിർത്തലാക്കുമെന്നും ട്രൂത്ത് സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. ഈ ഭീകരമായ അതിക്രമങ്ങൾ നടത്തുന്ന ഭീകരവാദികളെ പൂർണമായും തുടച്ചു നീക്കാൻ ആ രാജ്യത്തേക്ക് അമേരിക്ക തോക്കുകളുമായി ഇരച്ചു കയറിയേക്കാം എന്നും ട്രംപ് പറഞ്ഞു. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം നൈജീരിയൻ ഭരണകൂടം നിഷേധിച്ചു.
നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. നൈജീരിയയുടെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ്മാൻ റിലേ മൂറിനോടും ചെയർമാൻ ടോം കോളെയോടും നിർദേശിച്ചതായി ട്രംപ് അറിയിച്ചു.



