Tuesday, January 13, 2026
Mantis Partners Sydney
Home » വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി യു എസ്‌
വെനസ്വേലൻ പ്രസിഡന്റ് മഡുറോയെയും ഭാര്യയേയും ബന്ദിയാക്കി യു എസ്‌

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി യു എസ്‌

by Editor

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് വൻതോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയിൽ നിന്ന് നാടുകടത്തിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്ക്കെ‌തിരെയും അതിൻ്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്ക്കെ‌തിരെയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവർത്തനം യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങൾ ഉടൻ ലഭിക്കും. രാവിലെ 11 മണിക്ക് മാരാലാഗോയിൽ ഒരു വാർത്താ സമ്മേളനം നടക്കും‘ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അമേരിക്കൻ പൗരന്മാർ വെനിസ്വേല വിടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡെൽറ്റാ ഫോഴ്സാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത് എന്നാണ് റിപ്പോർട്ട്. അധിനിവേശത്തെ ചെറുക്കുമെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്റി വ്ലാഡിമിർ പാഡ്രിനോ അറിയിച്ചു. അമേരിക്കൻ ആക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെയും പരിക്കേറ്റു എന്നതിൻ്റെയും വിവരങ്ങൾ ശേഖരിക്കുന്നതേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. അമേരിക്കൻ ഹെലികോപ്റ്ററുകൾ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാരക്കാസിലെ ഫോർട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു പുലർച്ചെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു‌സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകിയതിനാണ് ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്.

Send your news and Advertisements

You may also like

error: Content is protected !!