Monday, January 12, 2026
Mantis Partners Sydney
Home » ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും; ട്രംപ്
ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും; ട്രംപ്

ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും; ട്രംപ്

by Editor

വാഷിങ്ടൺ: ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യു.എസ് സൈന്യം കസ്റ്റഡിയിലെടുത്ത വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും യുഎസ് നാവികസേനാ കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരികെയെടുത്ത ചിത്രമാണ് പുറത്തുവട്ടത് എന്നാണ് സൂചന. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്. മഡുറോ ഏകാധിപതിയാണ്. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ച് കഴിഞ്ഞു. വെനസ്വേലയിൽ ആർക്ക് വേണമെങ്കിലും മഡുറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യു.എസ് എണ്ണ കമ്പനികൾ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടുന്നത് താൻ ഒരു മുറിയിൽ നിന്ന് ടെലിവിഷൻ ഷോ പോലെ സൈനിക ജനറൽമാർക്കൊപ്പം കണ്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. വെനസ്വേലയിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയിലെ ഓപ്പറേഷൻ വളരെ സങ്കീർണമായിരുന്നു. പ്രത്യേകം സ്ഥാപിച്ച സ്റ്റീൽ വാതിലുകൾ തകർത്ത് സെക്കൻഡുകൾക്കുള്ളിൽ ഇരുവരേയും പിടികൂടുകയായിരുന്നു. താൻ ഇതിന് മുമ്പ് ഇങ്ങനെയൊന്നും കണ്ടിട്ടില്ല.

ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കുന്നതിനായി പാം ബീച്ചിലെ തൻ്റെ സ്വകാര്യ ക്ലബ്ബിൽ ചെലവഴിക്കവെയാണ് ട്രംപ് ഓപ്പറേഷൻ നടപടികൾ വീക്ഷിച്ചത്. ഇങ്ങനെയൊരു നീക്കം ചെയ്യാൻ ഭൂമിയിലെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് സൈനികർ തന്നോട് പറഞ്ഞു. ഒരാഴ്‌ച മുമ്പ് താൻ മഡുറോയെ വിളിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ യു.എസ് സൈന്യത്തിൽ ചിലർക്ക് പരിക്കേറ്റെങ്കിലും മരണം സംഭവിച്ചിട്ടില്ല. ഓപ്പറേഷനിൽ പങ്കെടുത്ത വിമാനങ്ങളെല്ലാം തിരികെ എത്തിയെന്നും ട്രംപ് വ്യക്തമാക്കി.

ലോകത്തെ മുൾമുനയിൽ നിർത്തിയ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ചത് യു.എസ് ഡെൽറ്റ ഫോഴ്സ് ആണ്. അതീവ രഹസ്യമായിട്ടാണ് വെനസ്വേലയിൽ കടന്നുകയരി അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സ് പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയത്. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, അതീവ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡൂറോയെ വലയിലാക്കിയത്. തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ മഡൂറയെ ബന്ദിയാക്കുകയായിരുന്നു. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കൻ ആയുധപ്പുരയിലെ ഏറ്റവും മാരകമായ ആയുധം എന്നാണ് ഡെൽറ്റ ഫോഴ്‌സിനെ വിശേഷിപ്പിക്കുന്നത്. യു.എസിൽ ഡി-ബോയ്‌സ് എന്നാണ് ഇവർ അറിയപ്പെടുന്നത്. സൈനികരേക്കാൾ ഏറെ സങ്കീർണമാണ് ഇവരുടെ പ്രവർത്തനം. ശത്രുക്കളുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്ന വേഗത്തിൽ നിശബ്‌ദമായി വന്ന് ലക്ഷ്യം പൂർത്തിയാക്കി മടങ്ങുന്ന ഡെൽറ്റ ഫോഴ്‌സിൻ്റെ ശേഷിയും കരുത്തും ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഔദ്യോഗികമായി ഫസ്റ്റ് സ്പെഷ്യൽ ഫോഴ്‌സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്റ് (ഡെൽറ്റ) എന്ന് വിളിക്കപ്പെടുന്ന ഡെൽറ്റ ഫോഴ്സ് യു.എസ് സൈന്യത്തിലെ ടയർ1 ഗ്രൂപ്പാണ്. അതായത് ഏറ്റവും അപകടകരവും സങ്കീർണവുമായ ദൗത്യങ്ങൾക്കായി മാത്രം നിയോഗിക്കപ്പെടുന്നവർ. 1977- ൽ കേണൽ ചാൾസ് ബെക്ക്വിത്തിന്റെ നേതൃത്വത്തിലാണ് ഈ സേന രൂപീകരിച്ചത്. ബ്രിട്ടീഷ് മാതൃകയിലുള്ള പരിശീലനമാണ് ഇവർക്ക് നൽകുന്നത്. ആഗോള തലത്തിൽ തീവ്രവാദ ഭീഷണി വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡെൽറ്റ ഫോഴ്സിന്റെ രൂപീകരണം.

Send your news and Advertisements

You may also like

error: Content is protected !!