വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടത്തി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലേക്കും അവിടെനിന്നും പുറത്തേക്കുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയാൻ അമേരിക്കൻ സൈന്യത്തിന് (CENTCOM) ട്രംപ് ഉത്തരവ് നൽകി.
ഇറാൻ ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയില്ലെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കടലിടുക്കിലെ ഗതാഗതം നിലവിൽ ഏകദേശം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഈ കടുത്ത നടപടി സ്വീകരിച്ചത്. ഇറാൻ്റെ ആണവ പദ്ധതിയോടുള്ള നിലപാടാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് ആരോപിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ഇത് ലോകത്തെ തന്നെ ബന്ദിയാക്കുന്ന പിടിച്ചുപറി ആണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കപ്പലുകൾക്ക് സമുദ്രപാതയിൽ സുരക്ഷ നൽകില്ല. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് സേന നടപടി തുടങ്ങും. സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ ഇറാൻ വെടിയുതിർത്താൽ കടുത്ത തിരിച്ചടി നൽകുമെന്നും ട്രംപ് ഭീഷണി മുഴക്കി.
അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് സജ്ജമാണെന്നും ഇറാനിൽ അവശേഷിക്കുന്നത് കൂടി നശിപ്പിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെടിനിർത്തൽ ഏപ്രിൽ 21 വരെ തുടരുമെന്ന് പാക്കിസ്ഥാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും ഏപ്രിൽ 21 വരെ മേഖലയിൽ വെടിനിർത്തൽ തുടരുമെന്ന് പാക്കിസ്ഥാൻ. ഇസ്ലമാബാദിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾ നടന്നെങ്കിലും ആണവ നിരായുധീകരണം, ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ തർക്കം നിലനിൽക്കുകയാണ്. മാത്രമല്ല, യുറേനിയം സമ്പുഷ്‌ടീകരണം പൂർണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യവും ഉപരോധങ്ങൾ നീക്കണമെന്ന ഇറാൻ്റെ ആവശ്യവും ചർച്ചകളെ വഴിമുട്ടിച്ചു.
അതേസമയം സൗദി അറേബ്യയിൽ തങ്ങളുടെ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പാക്കിസ്ഥാൻ ഇറാന് മേൽ ശക്തമായ സൈനിക സമ്മർദം ചെലുത്തുന്നുണ്ട്. ഏപ്രിൽ 21 നുള്ളിൽ സമാധാന നിർദേശത്തോട് ഇറാൻ പ്രതികരിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ സൈനികമായി ഇടപെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാന്റെയും സൗദി അറേബ്യയുടെയും സൈനിക സമ്മർദവും നയതന്ത്ര നീക്കങ്ങളും ഇറാനെ കടുത്ത തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു നിർത്താൻ നിലവിൽ സഹായിക്കുന്നുണ്ട്. എങ്കിലും, നിശ്ചിത സമയപരിധിക്കുള്ളിൽ അമേരിക്കയുടെ സമാധാന നിർദേശങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലയിലെ സമാധാന അന്തരീക്ഷത്തിൻ്റെ ഭാവി.
നിലവിൽ ഇറാൻ സൈനിക പിന്മാറ്റത്തിനുള്ള മാനസികാവസ്ഥയിലാണ്. ഗൾഫ് മേഖലയിലെ പാക്കിസ്ഥാൻ സൈന്യത്തിന്റെ സാന്നിധ്യവും അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളും ഇറാനെ സമ്മർദത്തിലാക്കുന്നുണ്ട്. ഉപരോധങ്ങൾ നീക്കുന്നതും മരവിപ്പിച്ച ആസ്‌തികൾ വിട്ടുകിട്ടുന്നതും ഉൾപ്പെടെയുള്ള പത്ത് നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാൽ ഇത് അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ല. അമേരിക്ക മുന്നോട്ടുവെച്ച പതിനഞ്ചിന നിർദേശത്തോട് ഇറാൻ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഏപ്രിൽ 21 വരെ പുതിയ ആക്രമണങ്ങളോ, സംഘർഷങ്ങളോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

