Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു

by Editor
Send your news and Advertisements

വാഷിം​ഗ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു എന്ന് പറഞ്ഞ ട്രംപ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല.

അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തീരുവ 18 ശതമാനമായി കുറച്ചതിന് മോദി നന്ദി അറിയിച്ചു. പ്രതികരണത്തിൽ ‘വ്യാപാര കരാർ’ എന്ന പരാമർശം ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം വ്യാപാര കരാര്‍ രൂപീകരണ ചര്‍ച്ചക്കിടെ ആയിരുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണെന്ന്  സെർജിയോ ഗോർ പറഞ്ഞു. ട്രംപ് അധികാരമേറ്റ ശേഷം നടന്ന നിർണായകമായ ഈ സംഭാഷണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള സമാധാനം, സാമ്പത്തിക സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ കാര്യങ്ങളും ചർച്ചയിൽ വിഷയമായി. വ്യാപാര-വാണിജ്യ രംഗങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വരുംനാളുകൾ സാക്ഷ്യം വഹിക്കുകയെന്നും സെർജിയോ ഗോർ സൂചിപ്പിച്ചു. ട്രംപിന് മോദിയുമായുള്ള മുൻകാല സൗഹൃദം ഈ ഭരണകാലയളവിലും തുടരാൻ താൽപ്പര്യമുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭാഷണം. വരും മാസങ്ങളിൽ കൂടുതൽ ഉന്നതതല ചർച്ചകൾക്ക് ഇത് വഴിയൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!