‘റോക്കാ നിവേറിയ’ ഹോട്ടലിന്റെ റെസ്റ്റോറന്റ് ൽ നിന്നും കിട്ടാവുന്നതൊക്കെ ഓടിനടന്ന് എടുത്തു കഴിച്ചതിന്നു ശേഷം ഞാൻ അഞ്ചാം നിലയിലെ എന്റെ റൂമിലേയ്ക്കുള്ള ലിഫ്റ്റിൽ കയറി.
ഹോട്ടലുമായിട്ടുള്ള എന്റെ ഡീൽ “ഓൾ ഇന്ക്ലൂസീവ് “ ആയിരുന്നതുകൊണ്ട്, തീൻ മുറിയിൽ നിന്നും കിട്ടിയുന്നതെല്ലാം “ഇന്ക്ലുസ്” ചെയ്തതിന് ശേഷവും ബാറിലേയ്ക്ക് ദിവസവും അലോട്ട് ചെയ്തിരുന്ന എല്ലാ കൂപ്പണും ഞാൻ വേണ്ടവണ്ണം ഉപയോഗിച്ചു കൊണ്ടിരുന്നു.
ഹോട്ടലിന്റെ ഇടനാഴികൾക്ക് വേണ്ടത്ര വീതി ഉള്ളതുകൊണ്ട് ഒരു കുഴപ്പവും കൂടാതെ, ഒരു പ്രാവശ്യം ഒഴികെ, എന്നും എനിക്ക് എന്റെ മുറിതപ്പി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
ഒരു പ്രാവശ്യം മാത്രം ഒരബദ്ധം പറ്റി.
തിരികെ മുറിയിലേക്ക് പോകുമ്പോൾ ലിഫ്റ്റ് നാലാം നിലയിൽ ചെന്ന് നിന്നു.
അത് അഞ്ചാം നിലയാന്നെന്ന് കരുതി ഞാൻ അതിൽ നിന്നിറങ്ങിപ്പോയി.
ലോബ്ബിയിൽ കൂടെ ചെന്ന്, താഴെ നിന്നും പൊങ്ങി വളർന്നു നിൽക്കുന്ന പനയ്ക്ക് നേരെ എന്ന്, ഞാൻ അടയാളം വച്ചിട്ടുള്ള മുറിക്ക് നേരെ എന്റെ റൂം കാർഡ് സയ്പ് ചെയ്തു. എന്നിട്ട് റൂമിന്റെ കതക് തുറന്നില്ല. ഈ ഇലക്ട്രോണിക് സംവിധാനം ചിലപ്പോൾ അങ്ങിനെയാണ്, നമ്മൾ പല പ്രാവശ്യം ചെയ്താലേ ഫലം ഉണ്ടാകൂ.
എന്നിട്ടും ഫലം കാണാതെ അൽപ്പം ദേഷ്യത്തിൽ ഞാൻ ഡോർ ഹാൻഡിൽ ഇട്ടു ഇളക്കി.
അന്നേരം, ശീമപ്പോർക്കിന്റ നിറമുള്ള ഒരു തടിയൻ വന്ന് വാതിൽ തുറന്ന് ദേഷ്യത്തിൽ ഏതോ ഭാഷയിൽ
“കിസ്സാ? “ എന്ന് എന്നോട് ചോദിച്ചു. അപ്പോഴാണ് റൂം മാറിപ്പോയി എന്ന് എനിക്ക് മനസ്സിലായത്.
ഞാൻ കൈകൂപ്പി സോറി പറഞ്ഞു രംഗം കൂടുതൽ വഷളാക്കാതെ അവിടുന്ന് വേഗം വലിഞ്ഞു, വീണ്ടും ലിഫ്റ്റ് തേടിപ്പോയി.
അബദ്ധസന്ദർഭങ്ങളിൽ ഭാഷ അറിയത്തില്ലെങ്കിലും അത് പറയുന്നവരുടെ മുഖം, ഭാഷയുടെ തർജ്ജിമ നമുക്ക് പറഞ്ഞുതരും. അതുകൊണ്ടല്ലേ ആ തടിയൻ ഏതോ ഭാഷയിൽ “കിസ്സാ” എന്ന് പറഞ്ഞ് കണ്ണുരുട്ടിയപ്പോൾ “നിനക്കെന്താ ഈ റൂമിൽ കാര്യം?” എന്നാണ് അർത്ഥമെന്ന് എനിക്ക് പിടികിട്ടിയത്.
എന്റെയും ഭാര്യ വിനോദിനിയുടെയും ഉറക്കത്തിന്റെ ടൈംടേബിൾ രണ്ടായതുകൊണ്ടും എനിക്ക് “ബാർ ഡ്യൂട്ടി കൂടി” ഉള്ളതുകൊണ്ടുമാണ് ഞങ്ങൾക്ക് ഒരുമിച്ച് റെസ്റ്റോറന്റ് ൽ പോകാൻ പറ്റാത്തത്.
അല്ലാതെ ഞങ്ങൾ തമ്മിൽ “അടിച്ചു പിരിഞ്ചതു” കൊണ്ടല്ല കേട്ടോ.
രാത്രി ഒൻപതരയ്ക്ക് ശേഷം ഔട്ട്ഡോർ ബാറിനടുത്ത്, ഫേമസ് സ്പാനിഷ് സിങ്ങർ, മിഗേൽ റിയോസിന്റെ പാട്ടുകളായിരുന്നു ഇന്നത്തെ രാത്രിയിൽ ഉണ്ടായിരുന്ന പരിപാടി.
അതിൽ “ഹിം നോ ഡി ലെ.. അലെഗ്രിയ “ എന്ന പാട്ട് നല്ല വെള്ളപ്പുറത്തായിരുന്നതുകൊണ്ടാണോ എന്നറിയില്ല എനിക്ക് ശ്ശി പിടിച്ചു.
അവിടെ കേട്ട പാട്ടുകൾ എന്റെ ഭാര്യ വിനോദിനിക്ക് അവളുടെ “രാത്രിഉറക്കത്തിന്റെ തറ” കെട്ടാനും ഉപകരിച്ചു. കാരണം അവളുടെ പേരില് മാത്രമേ വിനോദത്തിന്റെ അംശം ഉള്ളു. എന്നാലും അവൾ കൂടെ ഉണ്ടായിരുന്നത്കൊണ്ട് രാത്രിയിൽ പരിപാടി കഴിഞ്ഞു പോയി, ശരിയായ ഫ്ലോറിൽ ചെന്ന് റൂമിന്റെ നമ്പർ തെറ്റാതെ കയറിപ്പറ്റുന്നതിൽ ഞാൻ വിജയിച്ചു. അപ്പോൾ “A women is behind every sucessful man” എന്ന ആപ്തവാക്യം എത്ര ശരിയാണ് എന്ന് ഞാൻ ഓർത്തുപോയി.
നാളത്തെയ്ക്ക് ഊർജം സംഭരിക്കാൻ വേണ്ടി ഇനി ഒന്നുറങ്ങാം എന്ന് കരുതി ഞാൻ ബെഡിലേക്കു മറിഞ്ഞു. അപ്പോഴേക്കും ഭാര്യ അവളുടെ ഉറക്കത്തിന്റെ രണ്ടാം കോഴ്സ് തുടങ്ങിയിരുന്നു.
നമ്മൾ വിചാരിക്കുന്നതുപോലെ എപ്പോഴും എല്ലാം സുഗമമാകണമെന്നില്ല എന്ന് പിന്നീടുണ്ടായ സംഭവംകൊണ്ട് എനിക്ക് മനസ്സിലായി.
എന്റെ കണ്ണിലേയ്ക്ക് ഉറക്കം പതിയെ എത്തിനോക്കിത്തുടങ്ങിയതേ കാണു. അന്നേരം എന്റെ മുഖത്ത് മൃദുവായ ഒരു കൈപ്പെരുമാറ്റം പോലെ.
ഓ, വിനോദിനിയുടെ കൈകൾ പ്രേമപൂർവം തലോടുന്നതായിരിക്കും, ഞാൻ അന്നേരം കണ്ണു തുറന്നില്ല.
വരട്ടെ എവിടെ വരെപ്പോകുമെന്ന് കാണട്ടെ.
അൽപ്പം കഴിഞ്ഞു, അത് നിന്നു.
രണ്ടു സെക്കന്റ് കഴിഞ്ഞു കാണും ആ സ്പർശനം എന്റെ ഇടത്തെ കവിളിന് താഴെയായി.
ങ്ഹാ, ഇവളുറങ്ങിയില്ലേ? ഇപ്പോൾ ഞാൻ ഇടംകണ്ണു പാതി തുറന്ന് നോക്കി. അപ്പോഴല്ലേ കണ്ടത്,
അത് കയ്യല്ല, കാലാണ്!
എന്റെ ഇടം കവിളിൽ മീശ മിനുക്കിക്കൊണ്ട് ഇരിക്കുന്ന, ഒരു ഫൈവ്സ്റ്റാർ പാറ്റായുടെ !!
ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ രംഗം കണ്ട് എന്റെ മനസ്സ് ഒരു നിമിഷം സ്തംഭിച്ചുപോയി.
ഇതുകൂട്ട് ഇനിയും കാണുമോ ഇവിടെ? നേരം വെളുക്കട്ടെ. ഹോട്ടൽ കാരോട് ചൊവ്വേ രണ്ടു വർത്തമാനം
പറഞ്ഞിട്ടേയുള്ളു.
ഇത്രയും കാശുകൊടുത്തു ഓൾ ഇന്ക്ലൂസീവ് ബുക്ക് ചെയ്‌തതിന്റെ കൂടെ പാറ്റായെ എന്തിന് include ചെയ്തു?
ഏതായാലും എന്റെ കവിളിൽ വിശ്രമിക്കുന്ന സമയം കൊണ്ട് ഇവനെ എങ്ങനേയും പിടിക്കണം.
ഞാൻ അനങ്ങാതെ വലംകണ്ണുവെട്ടിച്ചു സൂക്ഷിച്ച് ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ചുറ്റും നോക്കി.
ഭാഗ്യം, സൈഡ് ടേബിളിൽ തലേന്ന് ഞാൻ ഉപയോഗിച്ച വെളിച്ചെണ്ണയുടെ ചെറിയ കാലിഗ്ലാസ്സ് ജാർ കണ്ടു.
അത് പതുക്കെ വലതു കൈകൊണ്ട് എടുത്തു.
അപ്പോഴും എന്റെ ഇടതുകണ്ണ് ഞാൻ പാറ്റായ്ക്ക് വേണ്ടി റിസേർവ് ചെയ്ത് അവന്റെ മീശമിനുക്കൽ വാച്ച് ചെയ്തുകൊണ്ടിരുന്നു.
ഞാൻ മിന്നൽമുരളിയെപ്പോലെ അസാമാന്യ കയ്യടക്കത്തിൽ കിലുക്കിക്കുത്തുകാർ കട്ടയുടെ പുറത്തു ഡെപ്പി കുത്തുന്നപോലെ, ജാർ അവന്റെ പുറത്തു കുത്താൻ ആഞ്ഞതും, പാറ്റ അപകടം മണത്തറിഞ്ഞ് എന്റെ ഭാര്യ വിനോദിനിയുടെ വലത്തേ പള്ളയിൽ പാൻക്രിയാസിന്റെ മുകളിലെ വയറിലേക്ക് ചാടി മാറി.
രാത്രിയിൽ ഉറങ്ങി കിടക്കുന്ന തന്റെ ഭാര്യയെ ധൈര്യമുണ്ടെങ്കിൽ ഞോണ്ടാൻ, എന്നെ വെല്ലു വിളിക്കുന്നപോലെ അവൻ എന്നിട്ട്, എന്നെ നോക്കി അവന്റെ മുൻകാലുകൾ കശ്ശക്കിക്കാണിച്ചു.
ഞാൻ വീണ്ടും ഉത്സവപ്പറമ്പിലെ കിലുക്കിക്കൂത്തുകാരന്റെ വൈഭവത്തോടെ തുറന്നഗ്ലാസ്സ് ജാർ ഭാര്യയുടെ പള്ളയ്ക്ക് കമത്തി. “ശ്ശോ വെള്ളം അടിച്ചേച്ച് ഇതിയാൻ ഉറങ്ങാനും സമ്മതിക്കില്ല ” എന്ന്, കണ്ണുതുറക്കാതെയുള്ള അവളുടെ ആക്രോശത്തിനിടയിൽ ഞാൻ പാറ്റയെ ജാറിൽ കുടുക്കി അടച്ചു.
കുംഭകർണ്ണന്റെ പിടിയിലായ വിനോദിനിയുണ്ടോ ഇതുവല്ലോം അറിയുന്നു!
പിടികിട്ടാപ്പുള്ളിയെ അകത്താക്കിയ പോലീസിനെപ്പോലെ സന്തോഷിച്ചു വിജകരമായി പിടിച്ച പാറ്റയെ അടച്ച ഗ്ലാസ്സ് ജാർ സൈഡ് ടേബിലേയ്ക്ക് മാറ്റി. അവൻ ജാറിൽ കിടന്ന് നാലുപാടും കുറെ ജോഗിങ് നടത്തി. അപ്പോൾ മനസ്സിലായി കുടുങ്ങിയെന്ന്. ശേഷം എന്റെ നേരെ തിരിഞ്ഞു പരാജയം സമ്മതിച്ച്, മീശ താഴ്ത്തി മുൻകാലുകൾ പൊക്കി കൈകൂപ്പുന്നതുപോലെ നിന്നു.
ചിത്രം സിനിമയിൽ മോഹൻലാൽ പോലീസ്ഓഫീസർ സോമനോട്, “സാർ എന്നെ കൊല്ലാതിരിക്കാമോ?” എന്ന് ചോദിക്കുന്ന ഡയലോഗ് ഇവനും കേട്ടിട്ടു കാണുമോ?
നേരം വെളുക്കട്ടെ. ഇവനെയും കൊണ്ട് ഹോട്ടൽ റിസപ്ഷനിൽ ചെന്ന് നാല് പറയണം.
ഹും.. ഫൈവ് സ്‌റ്റാറിൽ പാറ്റാ?
കോമ്പൻസേഷൻ കിട്ടിയേ പറ്റു.
രണ്ടുപേർക്ക് എട്ടു ദിവസത്തെ താമസത്തിന്റെ ഫുൾ റീഫണ്ട്.
നോക്കിക്കോ അതിൽ കുറഞ്ഞ ഒരു കോമ്പ്രോമൈസ്, അതിന് ഞാൻ വഴങ്ങില്ല.
ഹോട്ടലിന്റെ പേര് പോകാതിരിക്കാൻ അവർ എന്തിനും വഴങ്ങാതിരിക്കില്ല.
ഇതുതന്നെ അവസരം.
ഒരു കണക്കിന് ആലോചിച്ചാൽ
ഈ പാറ്റാ, ഇവനെനിക്ക് ഭാഗ്യം കൊണ്ടുവന്നതല്ലേ?
ഫൈവ് സ്റ്റാർ ഹോട്ടലിൽ ഫുൾബോർഡ്, ഓൾ ഇങ്കുളുസീവ്,
ഫ്രീ ആക്കിത്തരാൻ വന്ന പുന്നാര പാറ്റാ?
“നിന്നെ ഞാൻ കൊല്ലില്ല.”
റിസപ്ഷൻ തെളിവെടുപ്പ് കഴിഞ്ഞാൽ ഉടനെ നിന്നെ ഞാൻ തുറന്നുവിടും. ശേഷം നീ ഈ പരിസരത്ത് ഇവിടെത്തന്നെ കാണണം.
കേരള ബമ്പർ പോലെ ഇതുപോലെ വീണ്ടും അടുത്തൊരു ഭാഗ്യാവാനേ സൃഷ്ടിക്കാൻ!
ഗ്ലാസ്സ് ജാറിൽ എന്നെ നോക്കി തൊഴുതു നിൽക്കുന്ന അവനെ ഞാൻ thumbs up ആംഗ്യം കാട്ടി ഞാൻ ഏറ്റു, എന്ന് സമാധാനിപ്പിച്ചു.
രാവിലെ അടിക്കാനിരിക്കുന്ന ബമ്പർ ഓർത്തുകിടന്ന് നേരം വെളുപ്പിച്ചു. വിനോദിനിയെ രാവിലെ പാറ്റയെ കാണിക്കുമ്പോൾ ആദ്യം ഞെട്ടുമെങ്കിലും അവൻ കൊണ്ടുവന്നത് ഭാഗ്യത്തിന്റെ താക്കോലാണെന് പറഞ്ഞു മനസ്സിലാക്കുമ്പോൾ അവളും സന്തോഷിക്കാതിരിക്കില്ല.
ഞാൻ രാവിലെ സ്പാനിഷ് കാരുടെ ഇഷ്ട്ടനിറമായ ചുവപ്പ് നിറമുള്ള ടീ ഷർട്ടും മുട്ടറ്റം വരുന്ന മെറൂൺ കുട്ടിനിക്കറും അണിഞ്ഞ് വലതു കക്ഷത്തിൽ പാറ്റാ ജാറും വച്ചുകൊണ്ട് നേരെ മെയിൻ റിസപ്ഷനിലെത്തി.
അവിടെ മൂന്നാല് ജോലിക്കാർ ആണും പെണ്ണും സേവനതൽപ്പരരായി നിരന്നു നിൽപ്പുണ്ട്.
എന്നെക്കണ്ട മാത്രയിൽ അവർ ബോണോസ് ഡിയാസ് എന്നോമാറ്റോ പറഞ്ഞു.
അതേ, എല്ലാത്തിനും “ബോണസ്” കിട്ടാൻ പോകുന്ന പണിയാണ് ഞാൻ തരാൻ പോകുന്നത്” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കക്ഷത്തിൽ നിന്നും പാറ്റാ ജാർ എടുത്ത് കൗണ്ടറിൽ വച്ചു.
നല്ല ഇംഗ്ലീഷ് പറഞ്ഞാൽ അവർക്ക് അറിയത്തില്ല എന്നുള്ളത് ഇംഗ്ലീഷ് ഭാഷ അത്ര ഫ്ലൂവന്റ് അല്ലാത്ത എനിക്കും ഗുണമായി.
ഞാൻ ഗൗരവം വിടാതെ ജാർ ചൂണ്ടിക്കൊണ്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“ദിസ് കോകോറോച്ഛ് മൈ ഫേസ് ലാസ്റ്റ് നൈറ്റ്. മീ, വൈഫ്, ടൂമച്ച് പ്രോബ്ലം.
യുവർ ഫൈവ് സ്റ്റാർ നോട് ഗുഡ്. ഐ വാണ്ട് ഫുൾ കോമ്പൻസേഷൻ. “
ഇത് കേട്ടപ്പോഴാണെന്ന് തോന്നുന്നു അവർ ജാറിൽ പാറ്റാ ഉണ്ടെന്ന് കണ്ടത്.
അതുകണ്ടപാടേ എന്റെ അടുത്ത് നിന്നയാളുടെ മുഖം വിടർന്നു.
“മുച്ചോ ഗ്രേഷിയസ്, ദിസ് ഈസ് അവ്വർ പേദ്രോ.
ത്രീ മന്ത്സ്, ഹി മിസ്സിംഗ്.
ത്രീ മന്ത്സ് ബിഫോർ ഹി കമ്മിങ് ഹിയർ റിസപ്ഷൻ.
റണ്ണിംഗ്, റണ്ണിംഗ് ഹിയർ ഫ്ലോർ.
വീ ട്രൈ,ബട്ട് നോ കാച്ചിങ്,
ആഫ്റ്റർ ഹി മിസ്സിംഗ്. വീ ഹോട്ടൽ,
ടൂ മുച്ച് വറീഡ്.
വീ നെയിം ഹിം പേദ്രോ.
താങ്ക്യൂ ഫൈൻഡിംഗ് അവ്വർ പേദ്രോ.
അതുകൊണ്ട് ഞാൻ എന്തുവേണം?
ഏതായാലും ഈ ദ്രോഹിക്ക് ഇട്ടത് പറ്റിയ പേരുതന്നെ, പേദ്രോ.
“യു നോ ഐ ആൻഡ് വൈഫ് ടൂ മച്ച് ട്രോമാ ലാസ്റ്റ് നൈറ്റ്.
ഐ വാണ്ട് ഫുൾ കോമ്പൻസേഷൻ.”
ഞാൻ ഒട്ടും അയഞ്ഞില്ല.
പ്രശ്നം ഗുരുതരം എന്ന് മനസ്സിലായപ്പോൾ എന്ത് ചെയ്യും എന്നർത്ഥത്തിൽ അവർ ശോകാർദ്രമായി പരസ്പരം മുഖത്തോട് മുഖം നോക്കി.
എന്റെ പാറ്റാ പ്രശ്നം എങ്ങനെയും ഒതുക്കി തീർത്തില്ലെങ്കിൽ ഹോട്ടലിന് ദുഷ്പ്പേരാകും. അതവർക്ക് അറിയാം. അതുകൊണ്ട് എന്റെ മുഴുവൻ താമസവും ഫ്രീ ആക്കിത്തരും.
അങ്ങനെ വഴിക്കുവാ. ഞാൻ ആ നല്ല വാർത്ത കേൾക്കാൻ ഒരുങ്ങി നിന്നു.
അന്നേരം അവരിൽ രണ്ടുപേർ തമ്മിൽ എന്തോ കുശുകുശുത്തു.
എന്നിട്ട് എന്നോട് ചോദിച്ചു?
ഫുൾ?
ഞാൻ പറഞ്ഞു, “യെസ് ഫുൾ.”
അതിൽ കുറഞ്ഞ ഒരിടപാടും ഇല്ല.
അതിലൊരുത്തൻ പേദ്രോയുടെ ജാർ വേഗം അവിടുന്ന് എടുത്തു മാറ്റിക്കൊണ്ട് “കം ഫുൾ കോമ്പൻസഷൻ “ എന്നും പറഞ്ഞു എന്നെ അകത്തെ സ്വകാര്യ മുറിയിലേയ്ക്ക് വിളിച്ചു.
എനിക്ക് സന്തോഷമായി. നമ്മൾ പിടിച്ചിടം ജയിച്ചു.
ഒരു പാറ്റാ എന്തിരിക്കുന്നു? നാട്ടിൽ ആയിരം പാറ്റയുടെയും അഞ്ഞൂറ് പല്ലിയുടെയും കൂടെ വളർന്ന എനിക്ക് എന്ത് പാറ്റാ. അതുണ്ടോ ഇവർക്കറിയൂ.
ഞാൻ ഫുൾ കോമ്പൻസേഷൻ ചെക്ക് കിട്ടാൻപോകുന്നതോർത്ത് ഉത്സാഹത്തോടെ അടുത്തകിടന്ന മേശയിൽ വിരൽകൊണ്ട് പതിയെ താളം പിടിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ അവിടെയ്ക്ക് ജോണിവാക്കർ ബ്ലു ലേബലിന്റെ മുഴുത്തമൂന്ന് കുപ്പികളുമായി വന്നു.
അതെന്റെ കയ്യിലോട്ട് തന്നിട്ട് അവൻ പറയുവാ, “ദിസ്, “ഫുൾ ” കോമ്പൻസേഷൻ എന്ന്.”
വീക്നെസ് നരമ്പിനിട്ടു കുത്തിയാൽ ആരാണ് വീണു പോകാത്തത്?
എല്ലാം മറന്ന് ഞാൻ വീണു പോയി.
അവരോട് താങ്ക്സ് പറഞ്ഞ് മൂന്ന് “ഫുൾ” കോമ്പൻസേഷനുമായി ഞാൻ മുറിയിലേക്ക് പോയി.
റൂമിൽ ചെന്നപ്പോൾ വിനോദിനി ബാത്‌റൂമിൽ നിന്നും വിളിച്ചു ചോദിച്ചു എന്തായി പോയ കാര്യം?
അവൾ കാണുംമുൻപേ കുപ്പികൾ എന്റെ പെട്ടിയിൽ പൂഴ്ത്തിക്കൊണ്ട് ഞാൻ പറഞ്ഞു.
“ഓ, ഞാൻ വീണ്ടും ആലോചിച്ചപ്പോൾ മുറിയിൽ ഒരു നിസ്സാര പാറ്റയെ കണ്ടു എന്നും പറഞ്ഞു ഹോട്ടലുകാരോട് കോമ്പൻസേഷൻ വേണം എന്നൊക്കെ പറഞ്ഞുചെല്ലുന്നത് ചീപ്പാണ്.”
അതുകൊണ്ട് “പേദ്രോ” യെ കൗണ്ടറിൽ ഏൽപ്പിച്ചിട്ട് ഞാൻ അവരോട് പറഞ്ഞിട്ടുപോന്നു,
“ഇതൊക്കെ സൂക്ഷിക്കേണ്ടേ അമ്പാനേ! “ എന്ന്.
MD🐎പ്പുറം.



