Saturday, April 11, 2026
Home » ചോദ്യങ്ങളുടെ ശവകുടീരം
ചോദ്യങ്ങളുടെ ശവകുടീരം

ചോദ്യങ്ങളുടെ ശവകുടീരം

by Editor
Send your news and Advertisements

ചോദ്യങ്ങൾക്ക് മരണമില്ല. എന്നാൽ മൂർച്ചയുള്ള ഒരായുധമാണ് ചോദ്യം. ചോദ്യ കർത്താവിൻ്റെ ഭാവഭേദങ്ങളുടെ അടിസ്ഥാനത്തിലാണ് മുറിവിൻ്റെ ആഴം നിശ്ചയിക്കുന്നത്. മനസ്സിൻ്റെ ആഴത്തിൽ തറഞ്ഞ നിണമുതിർന്ന ചോദ്യങ്ങളൊക്കെ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ട് കുരിശ്ശിലേറ്റി ആനന്ദിക്കുന്ന യൂദാസുമാർ അനെകം.

തൻ്റെ അഭിമാനത്തെ മുറിവേൽപ്പിച്ച, ഭയപ്പെടുത്തിയ വറ്റാത്ത കണ്ണീരിൻ്റെ പിന്നിലെ ചോദ്യങ്ങളുടെ എല്ലാം ഒരു പട്ടിക തയ്യാറാക്കി ഒരു രാത്രിയിൽ മനസ്സിൻ്റെ അടിത്തട്ടിൽ ഒരു ശവകുടീരം ഒരുക്കി അവയെല്ലാം അടക്കം ചെയ്തു അവൾ. ഒരു ദീർഘനിശ്വാസമെടുത്ത് മിഴികൾ പൂട്ടി നിദ്രയിലാണ്ടു. അല്പനേരത്തിൽ ഉണർന്നു. വല്ലാത്ത അസ്വസ്ഥത. ഹൃദയത്തിൻ്റെ കല്ലറയിൽ താൻ കുഴിച്ചു മൂടിയ ചോദ്യങ്ങൾ പ്രതിധ്വനിക്കുന്നു.

നിശബ്ദമായി അതിനെ പൊരുതാൻ ശ്രമിച്ചു. മിഴികൾ സജലങ്ങളായി. ഒടുവിൽ അവൾ തന്നെ അവൾക്ക് സ്വാന്തനമേകി. അവൾ സ്നേഹമയിയാണ്. നിരുപദ്രവകാരിയും പരോപകാരിയുമാണ്. ഏതു സങ്കടത്തെയും ചിരിച്ചു മറികടക്കാൻ അവൾക്ക് കഴിയും. മറ്റാർക്കും അറിയില്ലായിരുന്നു മനസ്സിൽ ഒരു ശവകുടീരം കാത്തുസൂക്ഷിക്കുന്നവളാണ് അവളെന്നത്. ആ അഭിമാനം അവളിൽ സ്‌ഫുരിച്ചു. നിശ്ശബ്ദതയിലൂടെ അവൾ ഗ്രഹിക്കാൻ ശീലിച്ചു. അവൾ ശക്തയാകുന്നു എന്നതിൻ്റെ അടയാളമായിരുന്നു അത്.

എന്നാൽ കല്ലറയ്ക്കുള്ളിലെ ചോദ്യങ്ങളുടെ പ്രതിധ്വനിക്ക് നേരെ അവൾ ദിഗന്തം നടുങ്ങുമാറ് അലറി കൊണ്ടാണ് പ്രതികരിച്ചത്. ശേഷം എന്തെന്നില്ലാത്ത സന്തോഷത്തിൻ്റെയും, ധൈര്യത്തിന്റെയും, സമാധാനത്തിൻ്റെയും സമ്മിശ്ര ചേരുവയിൽ നിന്നും ഉത്ഭവിച്ച ഒരു ഊർജ്ജം നയിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ഭയത്തിൽ നിന്നുമാണ് അനേകം ചോദ്യങ്ങളുടെ തുടർച്ച എന്നവൾ തിരിച്ചറിഞ്ഞു. ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഓരോ ചോദ്യങ്ങളും ബാക്കിയാകുന്നത്. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഭയം.
അത് തന്നെയാണ് കാരണം.

യഥാർത്ഥത്തിൽ കല്ലറയിൽ അടക്കം ചെയ്യേണ്ടത് ചോദ്യങ്ങളെയല്ല, പകരം ഭയത്തെയാണ്. ഭയന്നോടാൻ തുടങ്ങിയാൽ ഭയപ്പെടുത്താൻ ആളുകളുമുണ്ടാകും. മറുപടി പറയാൻ തുടങ്ങിയാൽ ചോദ്യകർത്താക്കളും കൂടിക്കൊണ്ടിരിക്കും. പകരം നിർഭയമായി കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുവാൻ പഠിക്കേണ്ടത് അനിവാര്യം.

ലിസി രഞ്ജിത്, ചെന്നൈ

You may also like

error: Content is protected !!