ബ്രിസ്ബെയ്ൻ: വിർജിൻ വിമാനത്തിലെ ടോയ്‌ലറ്റുകൾ തകരാറിലായതിനെ തുടർന്ന് ടോയ്‌ലറ്റുകൾക്ക് പകരം കുപ്പികൾ ഉപയോഗിക്കാൻ നിർബന്ധിതരായ യാത്രക്കാർക്ക് പണം തിരികെ ലഭിക്കും. ബാലിയിൽ നിന്ന് ബ്രിസ്ബേനിലേക്കുള്ള വിമാനത്തിൽ എല്ലാ ടോയ്‌ലറ്റുകളും തകരാറിലായപ്പോൾ കുപ്പികൾ ഉപയോഗിക്കാൻ നിർബന്ധിതരായ യാത്രക്കാർക്ക് നേരിടേണ്ടി വന്ന സംഭവത്തിൽ വിർജിൻ ഓസ്‌ട്രേലിയ ക്ഷമാപണം നടത്തി. ദുരിതമനുഭവിച്ച യാത്രക്കാർക്ക് യാത്രാ ഇളവുകൾ നൽകാമെന്നും അവർ വാഗ്‌ദാനം ചെയ്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കൈകാര്യം ചെയ്ത ജീവനക്കാർക്ക് നന്ദി പറയുന്നതായും വിർജിൻ എയർലൈൻസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച ബാലിയിലെ ഡെൻപസാറിൽ നിന്ന് പുറപ്പെട്ട ബോയിങ് 737 മാക്സ് 8 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ പിന്നിലെ ഒരു ടോയ്ലറ്റ് അറ്റകുറ്റപ്പണികൾ കാരണം പ്രവർത്തനരഹിതമായിരുന്നു. ആറ് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ മറ്റ് ടോയ്‌ലറ്റുകളും തകരാറിലായി. ഇതോടെ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. യാത്രാസമയം മൂന്ന് മണിക്കൂറിന് ശേഷമാണ് ടോയ്‌ലെറ്റുകൾ പൂർണമായും പ്രവർത്തനരഹിതമായത്. വിമാനയാത്രയുടെ അവസാന മൂന്ന് മണിക്കൂർ സംഭവം വഷളായി, യാത്രക്കാർ അസ്വസ്‌ഥത സഹിച്ചു. വിമാനത്തിനുള്ളിൽ മൂത്രത്തിന്റെ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇത് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കി.