തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. 200 -ലതികം ബൈക്കുകൾ കത്തിയമർന്നതായാണ് റിപ്പോർട്ടുകൾ. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിൽ ഉള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ രാവിലെ ആറരയോടെയാണ് തീ പടർന്നത്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും അവിടെ നിർത്തിയിട്ടിരുന്ന ഇൻസ്പെക്ഷൻ വാഹനവും കത്തി നശിച്ചു. ആളപായമില്ല. പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു.
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പാർക്കിങ് ഷെഡ് പൂർണ്ണമായും കത്തി നശിച്ചു. തീ ആളിപ്പടർന്നതോടെ തകര ഷീറ്റ് മേഞ്ഞ ഷെഡ് പൂർണമായും അമർന്ന നിലയിലാണ്. തീ ആളിപ്പടർന്ന സമയത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതിരുന്നതിനാൽ വലിയ അപകടം ഒഴിവാഴി. തൃശൂർ, ഒല്ലൂർ തുടങ്ങിയ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കോർപറേഷന്‍ അനുമതിയില്ലാതെയാണ് പാർക്കിങ് കേന്ദ്രം പ്രവർത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് കത്തു നൽകി. റെയിൽവേയാണ് സ്വകാര്യ കരാറുകാരന് കരാർ നൽകിയത്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് അപകടത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടുത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്രമന്ത്രി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.



