വാഷിംഗ്‌ടൺ: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ “വിദേശ ഭീകര” സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) -യെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബിഎൽഎ. പാക്കിസ്ഥാനും ബിഎൽഎയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
2019-ൽ യുഎസ് ബിഎൽഎയെ സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്‌റ്റ് (എസ്‌ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 6 വർഷത്തിന് ശേഷം വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. 2024-ൽ കറാച്ചിയിലെ വിമാനത്താവളത്തിനും ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയത്തിനും സമീപമുള്ള ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് യുഎസിൻ്റെ നടപടി. 2025ൽ, ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്‌സ്പ്രസ് ട്രെയിൻ തട്ടിയെടുത്തതിൻ്റെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു.
പാക്കിസ്ഥാനിലെ ഏറ്റവും വലുതും എന്നാൽ ഏറ്റവും ജനസംഖ്യ കുറഞ്ഞതും ദരിദ്രവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. 1947-ൽ പാക്കിസ്ഥാൻ രൂപീകൃതമായതിനുശേഷം ഈ മേഖലയിൽ കുറഞ്ഞത് അഞ്ച് വിഘടനവാദ പ്രക്ഷോഭങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.