ശ്രീഹരിക്കോട്ട: 2026-ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പിഎസ്എൽവി സി–62 (PSLV-C62) ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
ഡിആർഡിഒയുടെ തന്ത്രപ്രധാന ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളും ദൗത്യത്തിൽ നഷ്ടമായെന്നാണ് സൂചന. വിശ്വസ്ത വിക്ഷേപണ വാഹനമായിരുന്നു പിഎസ്എൽവിയുടെ ചരിത്രത്തിലെ രണ്ടാമത്തെ പരാജയമാണിത്. പിഎസ്എൽവിയുടെ 64 -ാം ദൗത്യവും പിഎസ്എൽവി ഡിഎൽ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമായിരുന്നു ഇത്. പരാജയത്തിന്റെ സാങ്കേതിക കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
സ്പെയിനിൽ നിന്നുള്ള കിഡ് (KID) ക്യാപ്‌സ്യൂൾ, യുകെയും തായ്‌ലൻഡും സംയുക്തമായി നിർമ്മിച്ച തിയോസ്-2 (Theos-2) എന്നിവയുൾപ്പെടെ 14 വിദേശ ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ് മേഖല ഉറ്റുനോക്കിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസിന്റെ ‘ആയുൽസാറ്റ്’ (AyulSAT) ഇതിലുണ്ടായിരുന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ‘പെട്രോൾ പമ്പ്’ (In-orbit refuelling) സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്‌നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.



