കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും അസം തലസ്ഥാനമായ ഗുവാഹത്തിക്കും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. മാൽഡ ടൗൺ സ്റ്റേഷനിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
‘ആധുനിക ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയ്ക്ക് സമാനമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത് ദീർഘദൂര യാത്രകൾ സുരക്ഷിതവും വേഗത്തിലുമാക്കുന്നു. കൂടുതൽ സൗകര്യപ്രദമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടിൽ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കാൻ ഇതുവഴി സാധിക്കും‘ – പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
രാജധാനി എക്സ്‌സ്പ്രസിനേക്കാൾ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല. ഒപ്പം സീറ്റ് പങ്കിടുന്ന ആർഎസി സംവിധാനം ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ നൽകൂ.സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റ് നൽകില്ല. രാജധാനി എക്‌സ്പ്രസിനേക്കാൾ അൽപ്പം ഉയർന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് ഈടാക്കുന്നത്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും, പരമാവധി 120-130 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് സൂചന. സുഗമമായ യാത്ര നല്‍കുന്നതിനായി ലോകോത്തര സസ്പെന്‍ഷന്‍ സംവിധാനത്തിന്റെ പിന്തുണയോടെ എര്‍ഗണോമിക് ഡിസൈനുകളാണ് ബെര്‍ത്തുകളില്‍ ഉള്ളത്. അണുക്കളെ പൂര്‍ണമായി കൊല്ലാന്‍ കഴിയുന്ന തരത്തില്‍ നൂതന അണുനാശിനി സാങ്കേതികവിദ്യയാണ് ട്രെയിന്‍ ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും നവീകരിച്ച ലിനനുകളും ടവലുകളും നല്‍കുന്നു. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളാണ് മറ്റൊരു പ്രത്യേകത. ട്രെയിനില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സമഗ്രമായ ഓണ്‍ബോര്‍ഡ് നിരീക്ഷണത്തിനൊപ്പം തദ്ദേശീയ കവാച്ച് ഓട്ടോമാറ്റിക് പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലും അസമിലും രണ്ട് ദിവസത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു സംസ്ഥാനങ്ങളിലുമായി നിരവധി പദ്ധതികൾ ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്



