കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍ ഓര്‍മയാകുകയാണ്. മലയാളികളുടെ പ്രിയ നടൻ്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും സ്ഥാനമൊഴിയുന്ന കൊച്ചി മേയർ എം. അനിൽകുമാറും മന്ത്രി സജി ചെറിയാനും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. എംപി ഹൈബി ഈഡൻ, എംഎൽഎമാരായ ടി.ജെ.വിനോദ്, റോജി എം.ജോൺ, സ്‌റ്റേഡിയം കൗൺസിലർ ദീപ്‌തി മേരി വർഗീസ്, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. ശ്രീനിവാസന്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. മലയാളത്തിന്റെ മഹാനടന്മാർ ഇരുവരും അടുത്തടുത്ത കസേരകളിൽ ശ്രീനിവാസന്റെ ഭൗതികശരീരത്തിനരികെ നിശബ്ദരായിരുന്നു. അപ്പോഴും ഇടമുറിയാതെ ജനം ഒഴുകിക്കൊണ്ടിരുന്നു.
നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തി. സംവിധായകരായ ജോഷിയും സിബി മലയിലും കമലും വിനയനും കുടുംബത്തെ ആശ്വസിപ്പിച്ചു. ദിലീപ്, സായ്കുമാർ, ഭാര്യ ബിന്ദു പണിക്കർ തുടങ്ങിയവർ സഹപ്രവർത്തകർക്കുമൊപ്പം കുടുംബത്തിൻ്റെ പിൻനിരയിലിരുന്നു. ലാൽ, ബേസിൽ ജോസഫും ഭാര്യയും, ഉണ്ണി മുകുന്ദൻ, സുരേഷ് കൃഷ്ണ, നിർമാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ഐശ്വര്യ ലക്ഷ്‌മി, പേളി മാണിയും ഭർത്താവ് ശ്രീനിയും, ദുർഗ കൃഷ്ണ, കുക്കു പരമേശ്വരൻ, അൻസിബ, സരയു, ഇടവേള ബാബു അടക്കം ഒട്ടേറെ പേരാണ് ചലച്ചിത്ര മേഖലയിൽ നിന്ന് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും പൊതുദർശനം നീണ്ടു. മൂന്നരയോടെ മൃതദേഹം വീണ്ടും കണ്ടനാട്ടെ ശ്രീനിവാസന്റെ വീട്ടിലേക്ക് എടുത്തു.
ആരോഗ്യ പ്രശ്നനങ്ങളെ തുടർന്ന് ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ശ്രീനിവാസൻ. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപ്രതീക്ഷിതമായി അദേഹത്തിൻ്റെ വിയോഗം. കണ്ടനാട്ടെ വീട്ടിലേയ്ക്കാണ് ശ്രീനിവാസൻ്റെ മൃതദേഹം ആദ്യം എത്തിച്ചത്. ഉച്ചവരെ ഇവിടെ പൊതുദർശനം നടന്നു. ശേഷം എറണാകുളം ടൗൺ ഹാളിലേയ്ക്ക് പൊതുദർശത്തിനായി കൊണ്ടുപോകുകയായിരുന്നു.
ഇന്ന് രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിനീത് വിവരം അറിയുന്നത്. തുടര്‍ന്ന് വിനീത് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നായിരുന്നു ധ്യാന്‍ എത്തിയത്. തന്റെ ജന്മദിനത്തിൽ തന്നെ അച്ഛന്റെ വേർപാട് സംഭവിച്ചത് ധ്യാനിനെ തീരാനോവിലാഴ്ത്തിയിരിക്കുകയാണ്. ധ്യാനിന്റെ 37-ാം ജന്മദിനമായിരുന്നു ഡിസംബർ 20 ശനിയാഴ്ച.
ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. നടന്‍ മമ്മൂട്ടി അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു.



