ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സീറോ മലബാർ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുണ്ട്. മറ്റ് സഭാ മേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായതായി രാജീവ് ചന്ദ്രശേഖർ പിന്നീട് വ്യക്തമാക്കി. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചും അവർക്ക് എന്തെല്ലാം സഹായങ്ങൾ സർക്കാർ തലത്തിൽ ലഭ്യമാക്കാൻ സാധിക്കും തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സേവന നിരതനായി ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.
പ്രധാനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാ നേതൃത്വം അറിയിച്ചു. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. സഭ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്ല ബോധ്യമുണ്ടെന്നും ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാം രാഷ്ട്രീയമല്ല, സാമൂഹിക സേവനം കൂടിയാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും മത കണ്ണാടിയിലൂടെ എല്ലാം നോക്കി കാണുന്നവരല്ല തങ്ങളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും സാമാന്യവൽകരിക്കേണ്ടതില്ലെന്നും അദേഹം മറുപടി നൽകി.
ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായി സൂചനയുണ്ട്.



