Mantis Partners Sydney
Saturday, March 7, 2026
Mantis Partners Sydney
Home » സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ഇന്ന്

by Editor
Send your news and Advertisements

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഇന്ന് (മാർച്ച് 7, ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പെരുമ്പളം ദ്വീപിൻ്റെ ദീർഘകാല സ്വപ്നമായിരുന്നു പെരുമ്പളം പാലം. രാവിലെ 11ന് പെരുമ്പളം ദ്വീപിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഏകദേശം 108 കോടി രൂപ ചെലവിൽ കായലിന് കുറുകെ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ്.

ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിനെ പാണാവള്ളി പഞ്ചായത്തിലെ വടുതലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് തൃപ്പൂണിത്തുറ – വൈക്കം – പൂത്തോട്ട സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടം കൂടിയാണ്. 1157 മീറ്റർ നീളവും നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിൻ്റെ മധ്യഭാഗത്തെ 12 മീറ്റർ വീതിയുള്ല ബോസ്ട്രിംഗ് ആർച്ചുകൾ സവിശേഷതയാണ്. മഴവിൽ നിറങ്ങൾ പകർന്ന ഈ ആർച്ചുകൾ കാരണം നാട്ടുകാർ ഇതിന് ‘മഴവിൽ പാലം’ എന്ന് പേരിട്ടുകഴിഞ്ഞു. ഇരുവശങ്ങളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലും അപ്രോച്ച് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. അപ്രോച്ച്, സർവീസ് റോഡുകളുടെ ടാറിംഗ് പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. 2019-ൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പാലത്തിൻ്റെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു.

പതിനായിരത്തോളം വരുന്ന പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. കൂടാതെ പ്രദേശത്തെ ടൂറിസം മേഖലയ്ക്കും ഇത് വലിയ ഉണർവ് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാലം തുറക്കുന്നതോടെ കെ.എസ്.ആർ.ടി.സി ബസുകൾ ദ്വീപിലേക്ക് എത്തും. ആദ്യഘട്ടത്തിൽ പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാൻഡായി ഉപയോഗിക്കാനും പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം ബസ് സ്റ്റാൻഡ് നിർമ്മിക്കാനും പദ്ധതിയുണ്ട്. അതേസമയം, ദ്വീപിൽ ഇന്ധന സ്റ്റേഷൻ ഇല്ലാത്തത് നാട്ടുകാരുടെ ആശങ്കയാണ്. വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിരം പെട്രോൾ പമ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ കുപ്പികളിലും പാത്രങ്ങളിലുമാണ് ഇവിടെ ഇന്ധനം എത്തിക്കുന്നത്.

You may also like

error: Content is protected !!