സൗഹൃദത്തിനപ്പുറം നടൻ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് നടൻ മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിടയെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു. തന്റെ ബാല്യകാല സിനിമാ ഓര്‍മ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി എന്ന് കുറിച്ച ഇന്ദ്രജിത്ത് ശ്രീനിവാസനെ മിസ് ചെയ്യുമെന്നും കുറിച്ചു.
കുടുംബത്തില്‍ നിന്ന് ഒരാള്‍ നഷ്ടമായ വേദനയാണ് അനുഭവപ്പെടുന്നതെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. വര്‍ത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഇന്നേവരെ നാടകീയതയില്ലാതെ പെരുമാറുന്ന കലാകാരനെ കണ്ടിട്ടില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനറിയില്ല. സത്യസന്ധതയ്ക്കാണ് വിലകല്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന് ആരെയും സുഖിപ്പിച്ച് സംസാരിക്കാനറിയില്ല. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ആ വിയോഗമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി പറഞ്ഞു. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാർത്ത അറിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദേഹമെന്നും ഉർവശി പറഞ്ഞു.
നടൻ ശ്രീനിവാസൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗായകൻ ജി. വേണുഗോപാൽ. താൻ ആദ്യം പാടിയ പാട്ടിൽ അഭിനയിച്ച നടൻ എന്ന് ഓർത്തെടുത്താണ് വേണുഗോപാൽ ഫെയ്‌സിബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വർഷത്തെ ദൃഢ സൗഹൃദമാണെന്ന് നടനും എംഎൽഎയുമായ എം. മുകേഷ് പറഞ്ഞു. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസൻ്റേത്. ഒരു തിരക്കഥ കിട്ടിയാൽ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓർമിച്ചു.
രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്‌തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.
ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.
48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200-ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26-ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.



