Thursday, November 13, 2025
Mantis Partners Sydney
Home » കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബർ 9-നും 11-നും
തദ്ദേശ തിരഞ്ഞെടുപ്പ്

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബർ 9-നും 11-നും

by Editor

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തും. ഡിസംബർ 9-ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ 11-ന് രണ്ടാംഘട്ടം. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9-ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11-നാണ് തിരഞ്ഞെടുപ്പ്. നവംബർ 14-ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. നാമനിർദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. സൂക്ഷ്‌മപരിശോധന 22-ന്. നാമനിർദേശപത്രിക നവംബർ 24 വരെ പിൻവലിക്കാം.

1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17331 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്താകെ 2,84,30,761 വോട്ടർമാർ ആണ് ഉള്ളത്. 1,34,12,470 പുരുഷന്മാർ. 1,50,18,010 സ്ത്രീകൾ. 281 ട്രാൻസ്ജെന്റർ എന്നിങ്ങനെയാണ്. മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു. പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.

തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25-ന്‌ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച്‌ നവംബർ 14-ന്‌ അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബർ 21-നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21-ന്‌ ചുമതലയേൽക്കണം.

941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്റ്റംബർ വരെയാണ്. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കി.

സംസ്ഥാനത്ത് നിലവിൽ ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഭരണം ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.

14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 557 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 363 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 14 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണത്തിലുണ്ട്.

Kerala local body elections 2025: News, Updates & Results

Send your news and Advertisements

You may also like

error: Content is protected !!