Sunday, April 5, 2026
Home » കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു: നരേന്ദ്ര മോദി
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു: നരേന്ദ്ര മോദി

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു: നരേന്ദ്ര മോദി

by Editor
Send your news and Advertisements

തിരുവല്ല: കേരളത്തിൽ ഇടതു സർക്കാരിൻ്റെ പതനത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും സംസ്ഥാനം വലിയൊരു രാഷ്ട്രീയ പരിവർത്തനത്തിന് തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി അനൂപിൻ്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റർ മാർഗം ചങ്ങനാശേരിയിലെത്തി. തുടർന്ന് റോഡ് മാർഗം ആണ് പൊതുസമ്മേളനം നടക്കുന്ന തിരുവല്ലയിൽ എത്തിയത്.

തന്റെ കൂടെക്കഴിഞ്ഞ് അഞ്ചു വർഷമായി നിസ്വാർത്ഥമായി സേവനം ചെയ്യുന്ന അനൂപിനെ തിരുവല്ലയുടെ വികസനത്തിനായി താൻ സമ്മാനിക്കുകയാണെന്ന് മോദി പറഞ്ഞു. “തിരുവല്ലയെ വികസനത്തിൻ്റെ പ്രഭവ കേന്ദ്രമാക്കും. യുവാക്കൾക്ക് തൊഴിൽ നൽകുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കും. ഇത് തിരുവല്ലയ്ക്ക് മോദിയുടെ ഗ്യാരണ്ടിയാണ്,” പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ സംസ്ഥാങ്ങളിൽ ഏറെയും ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ളവയാണ്. അവിടെ 6-ൽ 5 സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. ക്രിസ്ത്യൻ ഭൂരിപക്ഷമായ ഗോവയും ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തിന്റെ ദേശീയപാത വികസനം, റെയിൽവേ വികസനം എന്നിവ നടപ്പാക്കുന്നത് NDA സർക്കാർ ആണ്. അതിവേഗ വന്ദേഭരത് ട്രെയിൻ കോട്ടയം വഴിയും ഓടുന്നു. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ തടസ്സങ്ങൾ സൃഷ്‌ടിക്കുകയാണെന്നും മുൻ സർക്കാരുകളെ അപേക്ഷിച്ച് അഞ്ചിരട്ടി തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് നൽകിയതെന്നും മോദി അവകാശപ്പെട്ടു.

കേരളത്തിന്റെ വികസന സാധ്യതകളെ ഇടത്-വലത് മുന്നണികൾ തകർക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ ഇതിന് ഉദാഹരണമാണ്. സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും ബിജെപി സർക്കാർ മുൻഗണന നൽകുന്നു. ശൗചാലയങ്ങൾ, ഭവന നിർമ്മാണം, ചികിത്സാ സൗകര്യങ്ങൾ എന്നിവയിലൂടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം മെച്ചപ്പെടുത്തി. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇരട്ട എൻജിൻ സർക്കാരിൻ്റെ ഗുണഫലങ്ങൾ ഇവിടത്തെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ കാലത്തെങ്കിലും ചരട് നീളുന്നത് കോണ്‍ഗ്രസിന്റെ ഉന്നത നേതാവിലേക്കാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്താനുള്ള തന്ത്രങ്ങളാണ് നേരത്തെ ഇവര്‍ ആവിഷ്‌കരിച്ചിരുന്നത്. ഇപ്പോള്‍ അത് ശബരിമലയെ കൊള്ളയടിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് എന്നും ഇടതുപക്ഷക്കാര്‍. അതുകൊണ്ടാണ് അവര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് കൈമാറാത്തത്. കോണ്‍ഗ്രസാകട്ടെ എന്നും ക്ഷേത്ര സംബന്ധമായ വിഷയങ്ങളെ തൊട്ടുകൂടാന്‍ പാടില്ലാത്തതായാണ് കണക്കാക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുക്കളുടെ അഭ്യുദേയകാംഷികളായി നടിച്ച് നാടകം കളിക്കുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ രണ്ട് കൂട്ടര്‍ക്കും ശിക്ഷവാങ്ങിക്കൊടുക്കുംമെന്ന കാര്യം ഞാന്‍ വ്യക്തമായി ഇവിടെ പറയുന്നു. സ്വാമി അയ്യപ്പന്റെയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടേയും കോപത്തില്‍ നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ല – പ്രധാനമന്ത്രി പറഞ്ഞു.

തിരുവല്ലയിൽ നടന്ന പൊതുയോഗത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി. തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെ മണ്ണ് നുള്ളിയിട്ടാൽത്താഴെ വീഴാത്ത രീതിയിൽ തിങ്ങി നിറഞ്ഞ പുരുഷാരം, മോദി, മോദി, വിളികളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. നഗര മണ്ഡലങ്ങളിലെ എൻ ഡി എ സാരഥികളായ ആർ ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി. മുരളീധരൻ എന്നിവർ നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തിൽ ജനങ്ങളുടെ സ്വീകരണവും സ്നേഹവും ഏറ്റു വാങ്ങി നീങ്ങി. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പ്രധാനമന്ത്രിയുടെ പരിപാടികളുടെ പരിസമാപ്തികൂടിയായിരുന്നു ഇന്നലെ.

You may also like

error: Content is protected !!