തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. 14 ദിവസത്തേക്കാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. താൻ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം. കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നൽകി. നടപടികള്‍ക്കുശേഷം തന്ത്രിയെ ജയിലിലേക്ക് മാറ്റി. അതേസമയം, കേസിൽ തന്ത്രി രാജീവര് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13-ന് പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തന്ത്രി ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശ പ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല. ഇതിന് മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെടാത്ത വ്യക്‌തിയാണ് കണ്ഠര് രാജീവരെന്ന് തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിൻ്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഒരു കുറ്റവും പഴിയും അദ്ദേഹം കേൾപ്പിച്ചിട്ടില്ല. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേയ്ക്കുക. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നതു കൊണ്ടാണ് ഈ നിലപാട് പറയുന്നത്. നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ളക്കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും രാഹുൽ ഈശ്വർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദ്വാരപാലകശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയത് അനുമതിയില്ലാതെയാണെന്നു ദേവസ്വം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഏറെ വിവാദമായ ശബരിമല സ്വർണക്കവർച്ച കേസിനു തുടക്കമായത്. ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട 2018 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ പാളികളുടെ തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയ കോടതി, വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇതോടെയാണ് സ്പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി എന്ന പേര് ഉയർന്നുവന്നത്.
ദ്വാരപാലകശിൽപങ്ങളുടെ പീഠം താൻ ശബരിമലയിലേക്കു നൽകിയിരുന്നുവെന്നും അതു കാണാനില്ലെന്നും പോറ്റി പറഞ്ഞു. പിന്നീട് പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നു തന്നെ കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണ് 2019-ൽ സമാനമായി ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോയെന്നും സ്വർണം പൂശിയത് എന്നത് ഒഴിവാക്കി ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തിയാണ് ചെന്നൈയിലെ സ്‌മാർട് ക്രിയേഷൻസിൽ എത്തിച്ചതെന്നും കണ്ടെത്തിയത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെടെ 11 പേരാണ് ഇതുവരെ അറസ്‌റ്റിലായിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അടക്കമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം കേരളത്തിന് പുറത്തുള്ള ജ്വല്ലറികളില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍, കര്‍ണാടകയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും, എന്‍. വിജയകുമാര്‍ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടുള്ളത്.



