Thursday, November 13, 2025
Mantis Partners Sydney
Home » ചെങ്കോട്ടയിലേത് ഭീകരാക്രമണം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു.
ചെങ്കോട്ടയിലേത് ഭീകരാക്രമണം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ചെങ്കോട്ടയിലേത് ഭീകരാക്രമണം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു.

by Editor

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതിയാണ് സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പ്രമേയം പാസാക്കിയത്. സംഭവത്തിന് പിന്നിൽ ദേശ വിരുദ്ധ ശക്തികളാണെന്ന് മന്ത്രിസഭ വിലയിരുത്തി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രവർത്തികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അതിനു ശേഷമാണു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ചേർന്നത്.

അതേസമയം സ്ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ ഉമർ മുഹമ്മദിൻ്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ ചാവേറായി പൊട്ടിത്തെറിച്ച ഉമർ വാങ്ങിയ ചുവപ്പ് ഫോർഡ് എക്കോസ്പോർട്ട് കാറാണ് പൊലീസ് കണ്ടെത്തിയത്. ഹരിയാനയിലെ ഫാം ഹൗസിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനത്തിൻ്റെ രണ്ടാമത്തെ ഉടമയാണ് ഉമർ. ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഹരിയാനയിലെ ഫാം ഹൗസിൽ നിന്ന് കാർ കണ്ടെത്തിയത്. ഈ രണ്ട് കാറുകൾ കൂടാതെ മൂന്നാമത് ഒരു കാർ കൂടി ഉമറിൻ്റെ ഉടമസ്ഥതയിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ യും മറ്റു ഏജൻസികളും. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായവരിൽ അന്വേഷണം ഒതുങ്ങില്ലെന്നും ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഒരു വൻ തീവ്രവാദ ശൃംഖലയുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഡോക്ട‌ർമാർ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സ്ഫോടക വസ്തുതു ശേഖരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദിൽ നിന്നും പിടിയിലായ ഡോ. ആദിലും ഡോ. മുസമ്മലും ഈ വർഷം തുർക്കി സന്ദർശിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ആദിലിനും മുസമ്മലിനുമൊപ്പം അറസ്റ്റിലായ രണ്ട് വനിതാ ഡോക്ട‌ർമാർ തമ്മിലുള്ള നാനൂറിലധികം എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഇവരിൽ ഒരാൾക്ക് 2023 നും 2024 നും ഇടയിൽ തുർക്കിയിലെ ഇസ്‌താംബൂളിൽ നിന്നും ഖത്തറിലെ ദോഹയിൽ നിന്നും ഡിജിറ്റൽ വാലറ്റുകൾ വഴി നിരവധി തവണ വിദേശ പണം ലഭിച്ചതായും വ്യക്തമായിട്ടുണ്ട്. ഇത് അവരുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് ആണെന്ന് കരുതപ്പെടുന്നു. രണ്ട് പേരും ബംഗ്ലാദേശിലെ ധാക്ക മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോൾ പ്രതികളുടെ തുർക്കി, ഖത്തർ ബന്ധങ്ങളും സംഘത്തിന് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പണം ലഭിച്ചതിൻ്റെ ഉറവിടവും പരിശോധിച്ചു വരികയാണ്.

അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീനിൽ നിന്നും നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഡൽഹിയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ചർച്ച ചെയ്തത് ചാറ്റ് ആപ്പുകളിലൂടെയെന്ന് ഷഹീൻ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടർ ഉമർ മുഹമ്മദ് ഭീകരക്രമണ പദ്ധതികളെകുറിച്ച് ചർച്ച ചെയ്തിരുന്നു. അൽ ഫലാഹ് സർവകാലശാലയിലെ ചില ഡോക്ടേഴ്സിനെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ ഷഹീൻ നിർണായക വിവരങ്ങൾ നൽകിയെന്നാണ് സൂചന. ജനുവരിയിൽ ഡോക്ടർ മുസമ്മിലും ഡോക്ടർ ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. മുസമ്മിലിൻ്റെ ഫോണിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. വെള്ളക്കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ നബിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗത്തിൽ പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ ആഫിറ ബീബിയും അംഗമാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. ചെങ്കോട്ട സ്ഫോടനത്തിന് ആഴ്‌ചകൾക്ക് മുൻപാണ് ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗമായ ‘ജമാഅത്തുൻ മുഹമിനാത്തി’ൽ ആഫിറ ബീബി അംഗമായതെന്നാണ് റിപ്പോർട്ട്. ജമാഅത്തുൻ മുഹമിനാത്തിൻ്റെ ഉപദേശക സമിതി അംഗം കൂടിയാണ് ഉമർ ഫാറൂഖിൻ്റെ ഭാര്യ ആഫിറ ബീബി. ജെയ്ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിൻ്റെ സഹോദരി സാദിയ അസറിനൊപ്പം ചേർന്നാണ് ആഫിറ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ജെയ്ഷെ ക്യാമ്പിൽവച്ച് കൊല്ലപ്പെട്ട ഭീകരൻ യൂസഫ് അസറിൻ്റെ ഭാര്യയാണ് സാദിയ അസർ. ഇന്ത്യയിൽ ഭീകരവാദം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് മസൂദ് അസർ ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2025 ഒക്ടോബർ എട്ടിനാണ് ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം രൂപവൽകരിക്കുകയാണെന്ന് മസൂദ് അസർ പ്രഖ്യാപിച്ചത്. ഒക്ടോബർ 19 ന് വനിതാ അംഗങ്ങൾക്കായി പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ വിഭാഗത്തിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സഹോദരിയെയും പിന്നീട് ആഫിറ ബീബിയെയും മസൂദ് അസർ ചുമതലപ്പെടുത്തിയത്. ജെയ്ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നതാണ് വനിതാ വിഭാഗത്തിന്റെ പ്രധാന ചുമതല. ഇതിനായി സാമൂഹിക പ്രവർത്തനങ്ങളുടെ മറവിലടക്കം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ഫോടക വസ്തു‌തുക്കളുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ വനിതാ ഡോക്‌ടർ ഷഹീൻ സയീദിനും ജെയ്ഷെയുടെ വനിതാ വിഭാഗമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇന്ത്യയിൽ വനിതാ വിഭാഗത്തിൻ്റെ യൂണിറ്റ് സ്ഥാപിക്കാൻ നേതൃത്വം നൽകിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഇവർ പിടിയിലായത്.

തിങ്കളാഴ്‌ച വൈകിട്ട് 6.52-നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്‌ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്‌ജിദിനും സമീപത്തായിരുന്നു സ്ഫോടനം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്‌റ്റേഷൻ്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്നു ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് 2,900 കിലോ സ്ഫോടക വസ്‌തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഡൽഹിയിൽ സ്ഫോടനമുണ്ടായത്.

Send your news and Advertisements

You may also like

error: Content is protected !!