Sunday, August 31, 2025
Mantis Partners Sydney
Home » ടെൻറീഫും നയൻ താരയും
ടെൻറീഫും നയൻ താരയും - ഭാഗം 2

ടെൻറീഫും നയൻ താരയും

ഭാഗം 2

by Editor

പെയർ പഴത്തിന്റെ ആകൃതിയുള്ള ടെനറൈഫ് ദീപിന്റെ തെക്കുകിഴക്കെ തീരാത്താണ് തലയുയർത്തി നിൽക്കുന്ന റോക്ക നിവാരിയ (Roca Nivaria) ഹോട്ടൽ. ഏഴുനൂറിൽ പരം മുറികളുള്ള ഇവിടെ പല നാട്ടിൽ നിന്നും വന്ന മനുഷ്യന്മാർ അവരുടെ ജീവിതഭാരം ഇറക്കി വച്ചിട്ട് എല്ലാം മറന്നുഘോഷിക്കാൻ എത്തിയിരിക്കുകയാണ്.

ഹോട്ടലിന്റെ അഞ്ചാം നിലയിലെ കിഴക്കോട്ടു ദർശനമായ ബാൽക്കണിയിൽ നിന്നും പുറത്തേയ്ക്ക് നോക്കിയാൽ തീരത്തോട് നിരന്തരം കലഹിക്കുന്ന കടലിനെ കാണാം.

ഇന്നോ, ഇന്നലയോ, കഴിഞ്ഞ വർഷമോ, ഒന്നാം പിണറായി സർക്കാരിന് മുൻപോ അല്ല പ്രത്യുതാ കോടാനുകോടി വർഷങ്ങൾക്ക് മുൻപ് കടലിനോട് മല്ലിട്ട് ഒരു വമ്പൻ അഗ്നിപർവ്വതം ഭൂമിയുടെ ഉള്ളിൽനിന്നും “പൂതനാമോക്ഷം ” കൊടുത്ത് ജലോപരിതലത്തിലേക്ക് പൊക്കി കൊണ്ട് വന്നു സൃഷ്ടിച്ചതാണ് ടെനറൈഫിനെ എന്നാണ് പഴമക്കാർ പറയുന്നത്.

അതുകൊണ്ട് ശ്യാമവർണ്ണമുള്ള കടുത്ത ലാവ തണുത്തുറച്ചു ഭീമകാരമായ പാറക്കെട്ടുകൾ തീര പ്രദേശങ്ങളിൽ ഉടനീളം കാണാം. ഈ പാറക്കെട്ടുകളിൽ എന്തോ തീരാത്ത പരിഭവം ചൊല്ലി സദാ തലതല്ലിക്കരയുന്ന തിരകളുടെ അലമുറ ഒഴിഞ്ഞ സമയമില്ല.

ഉൾനാടുകളിലേയ്ക്ക് കടന്നാലോ നമ്മൾ കാണുന്നത് പൊരിവെയിലുള്ള നട്ടുച്ച നേരത്തും ചുറ്റുംമേഘങ്ങൾ പുകയുന്ന മഹാമലകളുടെ പരേഡാണ്. മലകളുടെ ഇടയിലെ കൊച്ചു സമതലങ്ങളിലെ തവിട്ടമണ്ണിൽ റോബെസ്റ്റാ വാഴകൃഷി കാണാം.

എവിടെ തിരിഞ്ഞു നോക്കിയാലും ഉയർന്നു പൊങ്ങിയ പന, തെങ്ങ്, ഈന്തപ്പന, കമുക്പോലെ ഇരിക്കുന്ന മരങ്ങൾ എന്നിവയെ കാണാനുള്ളു. അവയിലെല്ലാം കാണുന്ന ഇലകളെ പൊതുവിൽ നമ്മൾ ഓല എന്ന് പറയുമല്ലോ.

ആദ്യദിവസം രാവിലെ “പ്രഭാതവിഴുങ്ങൽ” കഴിഞ്ഞ് ഞാൻ ഹോട്ടലിന്റെ കോമ്പൗണ്ടിൽ കണ്ട ഒരു തെങ്ങ് കണ്ട് മലയാളി നൊസ്ത്തടിച്ചു അതിന്റെ മണ്ടയിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അതിലെ വന്ന ഒരാൾ എന്നോട് “ഓല” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് കടന്നുപോയി.

എന്തൊരത്ഭുതം!! തെങ്ങിന്റെ മുകളിൽ നോക്കി നിൽക്കുന്ന എന്നോട് അയാൾ അത് ഓലയാണ് എന്ന് പറയണമെങ്കിൽ സ്പാനിഷ് ഭാഷയിലും തെങ്ങോല, തെങ്ങോല എന്നാണ് അറിയപ്പെടുന്നത് എന്നല്ലേ അതിന്റെ അർത്ഥം?!! വിഖ്യാതമായ എന്റെ മലയാളത്തെ ഓർത്ത് ദേഹത്തിലെ രോമകൂമാദികൾ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു.

പക്ഷെ, അന്ന് വൈകുന്നേരമാണ് ഒരു കാര്യമറിഞ്ഞത്. ഇവിടുത്തെ ആളുകൾ പരസ്പ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ് “ഹോല” എന്ന്. എന്നാലും, സ്പെയിനിലെ അഭിവാദ്യ വാക്ക് ഹോലയുടെ ഉദയത്തിനു അവിടുത്തെ തെങ്ങോല, പനയോല, കാമുകോല മുതലായ ഓലകൾ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

സമൃദ്ധമായ ഉച്ചയൂണ് കഴിഞ്ഞപ്പോൾ എനിക്കൊരു തീൻകുത്ത്. എവിടെയെങ്കിലും ഒന്ന് കറങ്ങാൻ പോകാൻ. വൃത്തിയായി ടൈൽ വിരിച്ച നടപ്പാതകളിലൂടെ നടന്നു അടുത്തുള്ള ഒരു ഷോപ്പിൽ ഏരിയയിലേക്ക് ഞാൻ വച്ചുപിടിച്ചു. വൃത്തിയിലും വെടിപ്പിലും യൂറോപ്പിലെ നാടുകളെ തോൽപ്പിക്കാൻ നമുക്കാവില്ല മക്കളെ എന്ന് എന്നിലെ ചന്തു എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു.

കയ്യിലെ യൂറോ തീരാതെ എത്രവേണേലും ഷോപ്പിംഗ് നടത്താൻ പറ്റിയ ഒരു വിദ്യയുണ്ട്. പിശുക്കൻമാരുടെ ഗുരുവായിരുന്ന ശങ്കരാടിയുടെ ഒരു അമ്മാവന്റെ മകനാണ് എനിക്ക് ആ വിദ്യ പരിചയപ്പെടുത്തിയത്. ഞാൻ ആ വിദ്യയുടെ അമ്പ് കുലച്ച് ഞാൻ ആ ഷോപ്പിംഗ് സ്ട്രീറ്റ്റിൽ എന്റെ പഴ്സിന് ക്ഷതമേൽപിക്കാതെ ചുറ്റി നടന്നുകണ്ടു.

തുടരും…

മാത്യു ഡൊമിനിക്

ഇത്തിരി പിണ്ണാക്കും ഇത്തിരി വൈക്കോലും

Send your news and Advertisements

You may also like

error: Content is protected !!