മുംബൈ: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. വാങ്കഡെയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഏഴ് റണ്‍സിന് ആണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246-ല്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്‍പി. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പക്ഷേ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയ ലക്ഷ്യത്തിനു മുന്നിൽ നന്നായി പൊരുതിയാണ് തോൽവി സമ്മതിച്ചതെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 253 റൺസെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യമാണിത്. 42 പന്തിൽ 89 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശിവം ദുബെ 25 പന്തിൽ 43 റൺസെടുത്തപ്പോൾ ഇഷാൻ കിഷൻ 18 പന്തിൽ 39-ഉം ഹാർദ്ദിക് പാണ്ഡ്യ 12 പന്തിൽ 27-ഉം തിലക് വർമ 7 പന്തിൽ 21-ഉം റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (6 പന്തിൽ 11), അഭിഷേക് ശർമയും (7 പന്തിൽ 9) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഭീഷണിയാവുമെന്ന് കരുതിയ ജോഫ്ര ആർച്ചർ നാലോവറിൽ 61 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.


