സിഡ്‌നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടയ് ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതായാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
ഈ വർഷം ജൂണിൽ സിഡ്‌നിയിലെ ഒരു അംഗീകൃത ഷൂട്ടിംഗ് റേഞ്ചിൽ നവീദ് പരിശീലനം തേടിയിരുന്നതായി പോലീസ് കണ്ടെത്തി. ‘ഹണ്ടിങ് ട്രെയിനിംഗ്’ എന്ന വ്യാജേനയാണ് ഇയാൾ തോക്ക് കൈകാര്യം ചെയ്യാൻ പഠിച്ചത്. അഞ്ചു ദിവസത്തെ പരിശീലനത്തിന് ശേഷം ഇയാൾ തോക്ക് ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയതായി ട്രെയിനിങ് സെൻ്ററിലെ രേഖകൾ വ്യക്തമാക്കുന്നു.
ആക്രമണ സമയത്ത് ഇയാൾ കാണിച്ച കൃത്യത പൊലീസിനെപ്പോലും ഞെട്ടിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആളുകളെ വധിക്കാൻ ഇയാൾക്ക് സാധിച്ചത് മാസങ്ങൾ നീണ്ട ഈ പരിശീലനം കൊണ്ടാണെന്നാണ് പ്രാഥമിക നിഗമനം. ഉപയോഗിച്ച തോക്ക് ഇയാൾ നിയമവിരുദ്ധമായാണ് കൈക്കലാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ബോണ്ടയ് ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ ഞായറാഴ്ച്‌ച വൈകുന്നേരമാണ് സജീദ് അക്രം (50) മകൻ നവീദ് അക്രം (24) എന്നിവർ വെടിയുതിർത്തത്. ഇവർ 6 മിനിറ്റോളം നിർത്താതെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നവീദ് അക്രമിന് മറ്റേതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളുടെ ഫോൺ രേഖകളും ഇൻ്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പരിശോധിച്ചതിൽ നിന്ന് ആക്രമണത്തിനായി ഇയാൾ നേരത്തെ തന്നെ സ്ഥലം സന്ദർശിച്ചിരുന്നതായും സൂചന ലഭിച്ചു.
സജീദ് അക്രം പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ നവീദ് അക്രം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം പുറത്തുവന്നിരുന്നു. 27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് യൂറോപ്യൻ വംശജയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്.



