അഹമ്മദാബാദ്: ഇന്ത്യയുടെ ‘ഡയമണ്ട് സിറ്റി’ എന്നറിയപ്പെടുന്ന സൂററ്റ് രാജ്യത്തെ ആദ്യ ചേരി രഹിത നഗരമായി മാറാൻ ഒരുങ്ങുകയാണ്. നഗരത്തിലെ ചേരികൾ പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളും സംസ്ഥാന സർക്കാരിൻ്റെ ഭവന നിർമാണ നയങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയാണ് ലക്ഷ്യം പൂർത്തിയാക്കുന്നത്.
സൂററ്റ് മുനിസിപ്പൽ കോർപറേഷനാണ് ഈ വമ്പൻ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചേരികളിൽ താമസിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ വീടുകൾ നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി നിലവിലെ ചേരികൾക്ക് പകരം ആധുനിക അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങൾ നിർമിച്ച് നൽകും. ചേരികളിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് താങ്ങാനാവുന്ന വിലയിലുള്ള ഫ്ളാറ്റുകളും നിർമിക്കുന്നുണ്ട്. ഈ പുതിയ ഭവന സമുച്ചയങ്ങളിൽ മികച്ച രീതിയിലുള്ള ഡ്രെയ്നേജ് സംവിധാനം, ശുദ്ധജല വിതരണം, തെരുവ് വിളക്കുകൾ, മികച്ച റോഡുകൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.
ഈ ലക്ഷ്യം പൂർത്തിയായാൽ ലോകമെമ്പാടും നഗര വികസന രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നഗരങ്ങളിലെ ചേരികൾ ഇല്ലാതാക്കുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തിൻ്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും നഗരസഭ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ താപ്പി നദിക്കരയിലുള്ള വലിയ നഗരമാണ് സൂറത്ത്. വർഷങ്ങളായി വജ്ര മിനുക്കുപണികൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്ര കേന്ദ്രമാണ് സൂറത്ത്. ദിനംപ്രതി കോടിക്കണക്കിന് വജ്രങ്ങൾ സൂറത്തിൽ കൈമാറ്റം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. അതിനാലാണ് സൂറത്തിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നത്. ഏഷ്യയിലെ തന്നെ മികച്ച വജ്ര വിപണി കൂടിയായ സൂറത്തിൽ ലോകോത്തര നിലവാരമുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നുകൂടിയാണ് സൂറത്ത്. വജ്രങ്ങൾ മാത്രമല്ല, തുണി വിപണിയുടെ കാര്യത്തിലും സൂറത്ത് മുന്നിലാണ്. അതിനാൽ സൂറത്തിനെ ഡയമണ്ട് സിറ്റിയ്ക്കൊപ്പം ടെക്സ്റ്റൈൽ ഹബെന്നും വിളിക്കാറുണ്ട്.



