മെൽബൺ: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നതായി റിപ്പോർട്ട്. ‘സൂപ്പർ-കെ’ എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് വകഭേദം ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ബാധിച്ചതായാണ് കണക്കുകൾ. കടുത്ത പനി, മൂക്കൊലിപ്പ്, ശരീരവേദന, തൊണ്ടവേദന എന്നിവയാണ് ഈ വകഭേദത്തിൻ്റെ ലക്ഷണങ്ങൾ. മുൻപ് പനി വന്നവർക്കും പുതിയ വകഭേദം വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ജേണൽ ഓഫ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണ ഇൻഫ്ലുവൻസ സീസണുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്തും ഈ വൈറസ് അതിവേഗം പടരുന്നത് ആരോഗ്യ അധികൃതരെ ആശങ്കയിലാക്കുന്നു. ഇത് പടരുന്നതോടെ മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന ഇൻഫ്ലുവൻസ സീസൺ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായേക്കുമെന്ന് ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഇയാൻ ബാ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇൻഫ്ലുവൻസ വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 ശതമാനത്തോളം പേർ മാത്രമാണ് വാക്‌സിൻ എടുത്തത്. സൂപ്പർ-കെ പടരുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ ഊർജ്ജിതമാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ ആവശ്യപ്പെടുന്നു. വാക്സിൻ എടുത്തവർക്ക് രോഗം ബാധിച്ചാലും തീവ്രത കുറവാണെന്നാണ് കണ്ടെത്തൽ.
മെൽബണിലെ പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ ജനിതക വകഭേദം തിരിച്ചറിഞ്ഞത്. വൈറസിന്റെ ഉപവിഭാഗമായ ‘സബ്‌ക്ലേഡ് കെ’ എന്നതിനെയാണ് സൂപ്പർ-കെ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് രോഗപ്രതിരോധ ശേഷിയെ ഭാഗികമായി മറികടക്കാൻ ശേഷിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഓസ്ട്രേലിയയ്ക്ക് പുറമെ മുപ്പതോളം രാജ്യങ്ങളിൽ ഈ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഓസ്ട്രേലിയയിലെ വിദേശയാത്രകൾ കഴിഞ്ഞ് മടങ്ങുന്നവരിലും സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലുമാണ് രോഗവ്യാപനം കൂടുതൽ. വരും ആഴ്‌ചകളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടൽ.



