36
ഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിൽ പാക് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. ആയുധധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് കമാൻഡോകളും മൂന്ന് അക്രമികളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പെഷവാറിലെ ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക കൻറോൺമെൻറിനു സമീപത്താണ് അർധസൈനിക വിഭാഗം ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ടു ചാവേറുകൾ ഫ്രോണ്ടിയർ കോർപ്‌സ് ആസ്ഥാനത്തിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ ചാവേർ ആസ്ഥാനത്തിൻ്റെ കവാടത്തിലും രണ്ടാമൻ കോമ്പൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടന ശബ്ദങ്ങളും കനത്ത വെടിവയ്പ്പുകളും കേട്ടതായി പ്രദേശവാസികൾ വാർത്ത ഏജൻസിയോട് പറഞ്ഞു.



