തായ്പേയ്: തായ്‌വാനിൽ ശക്തമായ ഭൂകമ്പം. റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തായ്‌വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി 11:05 -നാണ് ഭൂകമ്പം ഉണ്ടായത്. യിലാൻ കൗണ്ടി ഹാളിൽ നിന്ന് 32.3 കിലോമീറ്റർ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
നാഷണൽ ഫയർ ഏജൻസിയുടെ കണക്കനുസരിച്ച് നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണ്. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് തായ്പേയ് സർക്കാർ അറിയിച്ചു.
ബുധനാഴ്ച തായ്‌വാനിലെ തെക്കുകിഴക്കൻ തീരദേശ കൗണ്ടിയായ ടൈറ്റങിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ തായ്പേയിൽ പോലും ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. അതേസമയം 2024 ൽ തായ്‌വാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്. 17 പേർ ഭൂകമ്പത്തിൽ മരണപ്പെട്ടിരുന്നു.



