ഇടവകയിലെ ആരുടെയോ മരിപ്പറിയിച്ചുകൊണ്ടുള്ള മണിയടി ആദ്യമായിക്കേട്ടതു കത്രീനാമ്മയാണ്. അവർ ഇക്കാര്യത്തിലൊക്കെ വളരെ ജാഗ്രതയുള്ള ആളാണ്. അയലത്തെ കാര്യങ്ങൾ ഒളിഞ്ഞുനോക്കി കണ്ടുപിടിക്കാൻ അതിയായ താല്പര്യവും കഴിവുമുണ്ടു്. നാട്ടിലെ പ്രേമം, അവിഹിതം, ഒളിച്ചോടൽ, അടിപിടി എന്നു വേണ്ടാ എല്ലാ കൊസ്റാക്കൊള്ളികളും ആദ്യം അറിയുവാനുള്ള ഒരു പ്രത്യേക സിദ്ധിതന്നെയുണ്ട് കത്രീനാമ്മയ്ക്ക്.
അറിഞ്ഞു വെറുതേയിരിക്കുകയല്ല, ആ വാർത്ത എത്രയും വേഗം നാലാളിന്റെ ചെവിയിലെത്തിക്കണമെന്ന സദുദ്ദേശ്യത്തോടെ, പശുവിനെ ചിറയിൽ കൊണ്ടുപോയി കെട്ടാനെന്ന വ്യാജേന വീട്ടിൽനിന്ന് ഇറങ്ങും. പശു നിന്നു തിന്നുതിന്നു മടുത്തു പിന്നെക്കിടന്ന് അയവെട്ടുമ്പോഴാണു വീട്ടിലേക്കു മടങ്ങുന്നത്. ഈ സമയംകൊണ്ടു കഴിയാവുന്നത്ര ആളുകളോടു പൊടിപ്പും തൊങ്ങലുംവച്ചു കാര്യങ്ങൾ അറിയിച്ചിരിക്കും.
ആകാശവാണിയെന്ന് ഒരു ഇരട്ടപ്പേരുള്ളത് അവർക്കറിയില്ല.
ആരോടും വഴക്കുണ്ടാക്കുന്നതിന് ഒരു മടിയുമില്ല. അതിനി സ്വന്തം ജനകനോ ഇടവകവികാരിയോ ആണേലും കത്രീനാമ്മ കാര്യം പറയും.
ഇങ്ങനെ നല്ല നല്ല ഗുണങ്ങൾ ധാരാളമുള്ള കത്രീനാമ്മയാണു മണിനാദം കേട്ടിരിക്കുന്നത്. കത്രീനാമ്മ ഉഷാറായി എന്നു പറയണ്ടല്ലോ? അവർ ഓരോരുത്തരെയായി വിളിച്ചുതുടങ്ങി.
തൊട്ടടുത്തു കിടക്കുന്നതു ശോശാമ്മയാണ്. മേടേലെ വർക്കീടെ ഭാര്യ.
“എടീ ശോശേ, എന്നാ ഒറക്കാടിയിത്?
മണിയടിച്ചതു നീ കേട്ടില്ലേ?”
പാവം ശോശാമ്മ കണ്ണും മിഴിച്ചു നിന്നു.
“ആ ഞാനൊന്നും കേട്ടില്ല, എന്തു വാ?”
“എടീ, നമ്മുടെ ഇടവകയിലെ ആരോ മരിച്ചു. മണിയടി ഞാൻ കേട്ടതാ.”
കത്രീനാമ്മയുടെ ഹൈവോൾട്ട് സംഭാഷണംകേട്ട് തൊട്ടടുത്തു കിടന്ന ചിന്നമ്മയുമെത്തി.
“എന്താ എന്താടീ ശോശക്കുട്ടീ?”
ശോശാമ്മ ഒന്നും മിണ്ടിയില്ല.
അവളങ്ങനാ, ആവശ്യമില്ലാതെ സംസാരിക്കില്ല. ഒന്നും അറിയാൻ താല്പര്യവുമില്ല. കെട്ടിയവന്റെ അവിഹിതയിടപാടുകൾ അറിഞ്ഞിട്ടുപോലും ഒരു വഴക്കും ഉണ്ടാക്കിയില്ല: അതിയാന്റെ ഇഷ്ടം നടക്കട്ടെ. അത്രതന്നെ. പെണ്ണുങ്ങൾ അവൾക്കും കൊടുത്തു ഒരു ഇരട്ടപ്പേര്: പോഴത്തി! തേങ്ങായോ വാഴക്കുലയോ കാണാതെപോയാലും ശോശാമ്മ വേവലാതിപ്പെടില്ല: ഇല്ലാത്തവര് എടുക്കട്ടെ. ശോശാമ്മയ്ക്കു മഠത്തിൽ പോകാനായിരുന്നു ഇഷ്ടം. അതു വീട്ടിലറിഞ്ഞ ഉടനേ അപ്പൻ കൊള്ളാവുന്ന ഒരുത്തനെക്കൊണ്ടു കെട്ടിച്ചു. തന്റെ മോഹത്തിന്മേൽ കത്തിവച്ച അപ്പനോടു കുറേ നാൾ പിണങ്ങിയിരുന്നു. ഏതോ വിഷാദം ഘനീഭവിച്ച നീൾമിഴികൾ ഇടയ്ക്കിടെ കണ്ണീർ പൊഴിക്കും. ആ ദുഃഖവുമായ് അവളങ്ങനെ ജീവിച്ചു.
ശോശാമ്മയുടെ മൗനം ചിന്നമ്മയ്ക്കു രസിച്ചില്ല. അവർക്ക് ആകാക്ഷ അടക്കാനായില്ല.
“എന്തു വാ കത്രീ? എന്നാ സംഭവം?”
കത്രീനാമ്മയ്ക്കു ദേഷ്യം ഇരച്ചു വന്നു. പ്രായത്തിൽ മൂത്തതാണ്, തന്നേക്കാൾ സമ്പന്നയാണ്, അതിന്റ ഒരു ഗമയിലാ ഈ വിളി: “കത്രീ”ന്ന്. ഇരച്ചു വന്ന ദേഷ്യം അടക്കിക്കൊണ്ട് കത്രീനാമ്മ ചോദിച്ചു.
“ചേട്ടത്തി കേട്ടില്ലേ മണിയടിച്ചത്?”
“കേട്ടു. ആറെങ്കിലും മരിച്ചു കാണും.”
ചിന്നമ്മയ്ക്കും ആകാംക്ഷ പെരുത്തു. അവരുടെ സംസാരം കേട്ടവർ കേട്ടവർ ഓടിയെത്തി. കത്രീനാമ്മയുടെ കെട്ട്യോൻമാത്രം വന്നില്ല. അയാൾ പിറുപിറുത്തു. ഇവൾ ഇവിടേം സമാധാനം തരില്ലേ? ആരാ? ആരാ മരിച്ചത്? ആർക്കുമറിയില്ല.
അറിയാഞ്ഞിട്ടാണെങ്കിൽ ഇരിയ്ക്കപ്പൊറുതിയില്ല. ഒടുവിൽ ആണുങ്ങളാരോ പോയി തിരക്കിയറിഞ്ഞു: തങ്കമ്മ. കുഴിക്കണ്ടത്തിലെ പരേതനായ ജോണിന്റെ ഭാര്യ തങ്കമ്മ.
പേരുപോലെ തനി തങ്കം! സുന്ദരിക്കു പക്ഷേ, സ്വഭാവത്തിനിത്തിരി കൊഴപ്പമുണ്ട്. കണ്ണും കാലും കാണിച്ചു കാശുള്ള ആണുങ്ങളെ വശത്താക്കും. തങ്കമ്മ ഇങ്ങനെ വീഴിച്ച ഹതഭാഗ്യരിൽ ഒരാളാണ് വർക്കി. ശോശാമ്മയുടെ മാപ്ല വർക്കി. ആ വകയിൽ കുറേ നഷ്ടമായപ്പോൾ വർക്കി പയ്യെ വലിഞ്ഞു. തന്റെ ഭാര്യ പാവമാണ്. തന്റെ കുഞ്ഞുങ്ങൾക്കുള്ളത് ഇനിയും നഷ്ടപ്പെടുത്തിക്കൂടാ എന്ന തിരിച്ചറിവിൽ ആ വഴി പോകാതെയായി. തങ്കമ്മയെ കുറ്റം പറയാനാവില്ല. പറക്കമുറ്റാത്ത മൂന്നു പെൺകുഞ്ഞുങ്ങളേയും തന്നേയും അനാഥരാക്കി അങ്ങേരു പോയില്ലേ. ഉറങ്ങാൻ; ഒരിക്കലുമുണരാത്ത ഉറക്കം!
നട്ടുച്ചയ്ക്കു ഇരുൾ പടർന്നപോലെ
നിറഞ്ഞ യൗവ്വനത്തിന്മേൽ ഇരുൾ പടർത്തിക്കൊണ്ടു് വൈധവ്യം കടന്നുവന്നപ്പോൾ തങ്കന്മ പതറിപ്പോയി. കുടുംബവകയായി കിട്ടിയ ഒരല്പം ഭൂമി. മക്കളെ വളർത്താൻ വീട്ടുവേലയ്ക്കു പോകാമെന്നു വച്ചാൽ പെണ്ണുങ്ങൾ സമ്മതിക്കില്ല. ആ സുന്ദരിക്കോത ഇവിടെ വരണ്ടാ. തങ്ങളുടെ ഭർത്താക്കന്മാരെ തട്ടിയെടുക്കുമെന്നു ഭയന്ന് ആരും പണിക്കു വിളിച്ചില്ല. എന്നിട്ടും തങ്കമ്മ ജീവിതത്തോടു പടവെട്ടി. പറമ്പിലൊക്കെ കൃഷിചെയ്തും കോഴിയേം പശുവിനേം വളർത്തി ഒരു വിധം പിടിച്ചു നിന്നു. പിള്ളേരേ പഠിപ്പിക്കാനും മറ്റും പണംവേണ്ടേ? വർക്കിച്ചേട്ടൻ അതുവഴി പോകുമ്പോൾ ആകാശത്താമര വിരിഞ്ഞപോലെ തങ്കമ്മ തോട്ടിൻകരയിൽ നിൽക്കും. ഒരു തോർത്തുമുണ്ടു നെഞ്ചിൽക്കേറ്റി കെട്ടും. പക്ഷേ, ഉയർന്ന മാറിടങ്ങൾ വർക്കിച്ചനെ മാടിവിളിക്കാൻ തുടങ്ങി. മഞ്ഞൾ മുറിച്ചപോലുള്ള അവളുടെ ശരീരകാന്തി. നിതംബം മറഞ്ഞു കിടക്കുന്ന കറുകറുത്ത ചുരുളൻമുടി. ചെമ്പരത്യാദി എണ്ണ തേച്ചതങ്ങനെ സുഗന്ധം പരത്തും. സകല നിയന്ത്രണവും കൈവിട്ടുപോകുന്ന അവളുടെ ഒരു നോട്ടവും. ആറാംപ്രമാണം ലംഘിക്കാൻതന്നെ വർക്കി തീരുമാനിച്ചു. ഇതൊക്കെ എത്രയോ പണ്ടത്തെ കാര്യങ്ങൾ! ആയകാലത്തു ഇവരിൽ പലരും എന്തൊക്കെക്കാട്ടിക്കൂട്ടിയിരിക്കുന്നു! കത്രീനാമ്മയ്ക്കു ആകാംക്ഷ പെരുത്തു.
“വർക്കിച്ചേട്ടാ, ലവളെങ്ങനാ മരിച്ചത്?”
വർക്കി വലിയ താല്പര്യമില്ലാതെ പറഞ്ഞു.
“അവൾ ഇളയ മകളുടെകൂടെ യു.കെയിലായിരുന്നു. ആ പെൺകൊച്ചവിടെ നേഴ്സാണ്. അവളു കൊണ്ടുപോയി, പിള്ളാരേ നോക്കാൻ.”
തങ്കമ്മയെന്നു പറഞ്ഞാൽ ചാകാൻ നടന്ന വർക്കിച്ചേട്ടന്റെ ഉദാസീനമായ മറുപടി കേട്ട് കത്രീനാമ്മയ്ക്കു ഉള്ളിൽ ചിരി പൊട്ടി. അതോടൊപ്പം മിന്നൽപ്പിണർപോലെ ഒരു വെപ്രാളം തലയ്ക്കുള്ളിലൂടെ പാഞ്ഞു: കർത്താവേ, അവളിനി ഇവിടെ വന്ന് പഴേ സ്വഭാവം കാണിക്കുമോ?
കറിയാച്ചനും ഉമ്മച്ചന്തം തൊമ്മച്ചനും സേവ്യറുകുട്ടിയും തന്റെ മാപ്ല കുഞ്ഞുവർക്കിയും – അങ്ങേരും അത്ര നല്ലതൊന്നുമല്ലാ തരം കിട്ടിയാൽ – എന്നു വേണ്ട സകല ആഭാസന്മാരും വീണ്ടും വഴിതെറ്റും. അവളു തെറ്റിയ്ക്കും.
കത്രീനാമ്മ ചോദിച്ചു.
“അപ്പോഴേ വർക്കിച്ചേട്ടാ അവളെ ഇങ്ങോട്ടു കൊണ്ടുവരുന്നതെപ്പോഴാ?”
“ആ അതറിയില്ല. അവിടുത്തെ ഏതോ ആശുപത്രിയിലെ മോർച്ചറിയിൽ വെച്ചിരിക്കുവാ. അനുവാദമൊക്കെക്കിട്ടി വരണ്ടേ?”
ഇങ്ങനെയൊക്കെപ്പറഞ്ഞെങ്കിലും വർക്കിക്കും ഉള്ളിൽ അളവില്ലാത്ത വ്യസനം തോന്നി. ഹോ! അവളുടെ ദേഹം തണുത്തു മരച്ചു വികൃതമാകുമല്ലോ! അതോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരും കാണാതയാൾ വേഗം കണ്ണുകൾ തുടച്ചു.
കത്രീനാമ്മയ്ക്കു സന്തോഷം തോന്നി. ഉടനേ ഒന്നും ആ ശൃംഗാരി വരില്ല. വന്നാൽത്തന്നെ മരവിച്ചു വികൃതമായ അവളെക്കണ്ട് ആരു മോഹിക്കാൻ!
ഞങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവർ. നല്ല ഫ്രഷായിട്ടു കൊണ്ടുവന്ന് അടക്കംചെയ്തവരാ. കത്രീനാമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. കത്രീനാമ്മ ചിരിക്കുന്നതു കണ്ട ചിന്നമ്മ ചോദിച്ചു.
“എന്തുവാടീ, ഇത്ര സന്തോഷിക്കാൻ.
ഒരാളു മരിച്ചെന്നു കേൾക്കുമ്പം ചിരിക്കുന്നോ?”
“ചേട്ടത്തീ, അവളു ശൃംഗാരിയാണോ?”
“ആയിരുന്നു. മരിച്ചവരെ കുറ്റം പറയരുത്.”
ചിന്നമ്മ തന്റെ ഉണ്ടക്കണ്ണുമിഴിച്ചു കത്രീനാമ്മയെ നോക്കി. ശകാരം തുടങ്ങി.
“മരിച്ചു കുഴിക്കെടന്നിട്ടും നിന്റെ കുശുമ്പും കുന്നായ്‌മേം മാറിയില്ലല്ലോടീ. അവടെ മക്കളു പഠിച്ചു ജോലിക്കാരായി നല്ല കാശായി, വീടായി. അല്ലലില്ലാതെ കഴിയുന്നു. തങ്കന്മയിന്നാരാ… എടീ, അവളിങ്ങോട്ടൊന്നും വരത്തില്ല. ഈ പട്ടിക്കാട്ടിലൊന്നും അവളു കിടക്കുവേലാ. യു.കെയിലെ സെമിത്തേരിയിൽ മദാമ്മയായിട്ടു കിടക്കും.”
തങ്കയെന്നാ തങ്കമ്മയായതെന്നു ചോദിക്കണമെന്നു കത്രീനാമ്മയ്ക്കു തോന്നി: വേണ്ടാ വഴക്കും വക്കാണോം വേണ്ടാ.
ചിന്നമ്മ പിന്നേം ശകാരം തുടങ്ങി.
“എന്നാലും എന്റെ കത്രീ, നീ മരിച്ചാലെങ്കിലും നന്നാവുമെന്നു ഞാൻ വിചാരിച്ചു.”
കത്രീനാമ്മയ്ക്കു സകല നിയന്ത്രണവും വിട്ടു.
“നിങ്ങളുടെ ഈ പത്രാസ് മരിച്ചിട്ടും പോയില്ലല്ലോ! എന്നെ കത്രീനാമ്മേന്നു വിളിച്ചാൽ നിങ്ങടെ തലപോകുമോ?”
പറഞ്ഞു കഴിഞ്ഞപ്പോഴാണു ഓർത്തത് :
തലപോയതാണല്ലോ!
ചിന്നമ്മ ചീറ്റപ്പുലിയായി.
“എടീ, എൻ്റെ നേരേ ആരും ശബ്ദമുയർത്തിയിട്ടില്ല. എന്റെ മാപ്ലപോലും.” കലികൊണ്ടു തുള്ളി ചിന്നമ്മ തുടർന്നു. “ഈ നാട്ടിൽ ഒരു പെണ്ണും എന്റെ ഒപ്പമല്ലെടീ.”
വഴക്ക് കയ്യാങ്കളിയിലെത്തുമോ എന്നു ഭയപ്പെട്ട ശോശാമ ഓടിച്ചെന്ന് ഉറങ്ങിക്കിടന്ന ഉമ്മച്ചനേം കറിയാച്ചനേം വിളിച്ചുണർത്തി കാര്യം പറഞ്ഞു. നാട്ടിലെ പേരുകേട്ട ചട്ടമ്പികളായിരുന്നു അവർ. അവരാകട്ടെ ഒട്ടും ഉത്സാഹമില്ലാതെ നടന്നുവന്നു. അകലെനിന്നേ ചീത്ത വിളി കേൾക്കാം. ചിന്നമ്മയും മോശമല്ല. കറിയാച്ചൻ ഉമ്മച്ചനെ നോക്കി. നിസ്സഹായത നിറഞ്ഞ നോട്ടം: തങ്ങളെക്കണ്ടിട്ടും ഇവളുമാരു നിർത്തുന്നില്ലല്ലോ.
കറിയാച്ചൻ ഉമ്മച്ചനോടു പറഞ്ഞു.
“എന്തു പറയാനാ? ഇവിടെ ഇപ്പം നമ്മളെ ആരു പേടിക്കാൻ? എല്ലാവരും ആറടിമണ്ണിൽ ഉറങ്ങുന്നവർ! ആർക്കും കൂടുതലുമില്ല കുറവുമില്ല. പിന്നെ, ചിന്നമ്മയുടെ കല്ലറ മാർബിൾ പൊതിഞ്ഞതാ. അവളും കിടക്കുന്നതു മണ്ണിൽ, വെറും മണ്ണിൽ. പെണ്ണങ്ങൾ മതിവരുവോളം തമ്മിലടിക്കട്ടെ. നീ വാ.”
കറിയാച്ചൻ ഉമ്മച്ചനെ വിളിച്ചു. പഴയകാല മഹാചട്ടമ്പികൾ നടന്നുപോയി, വീണ്ടും നിദ്രയിലേക്ക്.
ചിന്നമ്മയും എന്തോ ഓർത്തിട്ടെന്നപോലെ ഓടിമറഞ്ഞു: “എൻ്റെ കല്ലറ കണ്ടു കൊതിച്ചവരാ എല്ലാരും. ആരെങ്കിലും തട്ടിയെടുത്താൽ!”
കത്രീനാമ്മ ഒറ്റയ്ക്കു നിന്നു ആത്മഗതം ചെയ്തു. “ഓ അവളെങ്ങനെ മദാമ്മയാകാനാ? ഏതായാലും സമാധാനമായി. കടലു കടന്ന് അവൾ ഒരിക്കലും വരില്ല.”
കത്രീനാമ്മയും നടന്നു. പാൽനിലാവു വീണുതിളങ്ങുന്ന പള്ളിയും സെമിത്തേരിയും. ആരും വരുന്നില്ലയെന്ന് ഉറപ്പു വരുത്താനെന്നപോലെ ചുറ്റുപാടും നോക്കി. നിലാവിൽ തിളങ്ങുന്ന വിലയേറിയ മാർബിൾ പൊതിഞ്ഞ ചിന്നമ്മയുടെ കല്ലറയിലേക്ക് ഒരു നിമിഷം നോക്കി നിന്നു. അവരറിയാതെ ആ വാക്കുകൾ ഉതിർന്നുവീണു.
“അവടെ ഒരു മാർബിൾ!”
ഇപ്പോൾ വലിയ ആശ്വാസം തോന്നി കത്രീനാമ്മയ്ക്ക്. നെഞ്ചിനുളളിലെ ഭാരം പോയപോലെ. മഹാമൗനം പുതച്ചുറങ്ങുന്ന കുഴിമാടങ്ങളുടെ നീണ്ട നിരയിലേക്കു നോക്കി കത്രീനാമ്മ നെടുവീർപ്പിട്ടു. പിന്നെ മെല്ലെ നടന്നു, തന്റെ കുഴിയുടെ നിശൂന്യതയിലേക്ക്.
അന്നാ പോൾ

