കേരളത്തിലെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വി.വി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. കരുമം വാർഡിലെ കൗൺസിലറായ ആശാനാഥാണ് ഡപ്യൂട്ടി മേയർ. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
യുഡിഎഫ് ആദ്യമായി ഭരണം പിടിച്ച കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസ് മേയറായി. എല്‍എഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഹഫീസിന് 27 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ പിജെ രാജേന്ദ്രന് 16 പേരുടെ പിന്തുണ ലഭിച്ചു. യുഡിഎഫ് 27, എല്‍ഡിഎഫ് 16, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
തൃശൂരിൽ നിജി ജസ്‌റ്റിൻ (യുഡിഎഫ്), കിഴക്കുംപാട്ടുകരയില്‍ നിന്ന് വിജയിച്ച നിജി ഡോക്ടര്‍ കൂടിയാണ്. നിജി ജസ്റ്റിന് 35 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ എം എൽ റോസിക്ക് 13 പേരുടെ പിന്തുണയും ബിജെപിയുടെ പൂർണ്ണിമാ സുരേഷിന് എട്ട് പേരുടെ പിന്തുണയും ലഭിച്ചു. 56 അംഗ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 33 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 11 സീറ്റുകളിലും എന്‍ഡിഎ എട്ടിടത്തുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ നാല് സീറ്റില്‍ വിജയിച്ചു.
കൊച്ചിയിൽ വി.കെ.മിനിമോൾ (യുഡിഎഫ്). മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോൾക്ക് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് വി കെ മിനിമോൾക്ക് ലഭിച്ചു. എൽഡിഎഫിന്റെ അംബിക സുദർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പ്പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.
കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്). കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി ഇന്ദിര കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്. എല്‍ഡിഎഫ് 15, എന്‍ഡിഎ നാല്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പി ഇന്ദിരയ്ക്ക് 36 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ വി കെ പ്രകാശിന് 15 പേരുടെ പിന്തുണയാണ് ലഭിച്ചത്. എൻഡിഎയുടെ അർച്ചന വണ്ടിച്ചാലിനെ നാല് പേരാണ് പിന്തുണച്ചത്. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ.പി. താഹിർ തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട്ട് ഒ. സദാശിവൻ (എൽഡിഎഫ്) എന്നിവർ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം കോഴിക്കോട് നോര്‍ത്ത് ഏരിയാകമ്മിറ്റി അംഗമാണ്. തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് സദാശിവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോര്‍പ്പറേഷനാണ് കോഴിക്കോട്. ഒ സദാശിവനെ 33 പേർ പിന്തുണച്ചപ്പോൾ യുഡിഎഫിനെ 28 പേർ പിന്തുണച്ചു. രണ്ട് പേരുടെ വോട്ടുകൾ അസാധുവായി. 76 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 26, എന്‍ഡിഎ 13, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.



