Monday, December 15, 2025
Mantis Partners Sydney
Home » മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു.

by Editor

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ഇന്ന് പുലർച്ച 6:30 ന് ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്നു. 2008 ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം രാജിവച്ചു.

മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിൻ്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12-നാണ് ശിവരാജ് പാട്ടീൽ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലുള്ള ഉസ്‌മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980 ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സ‌ഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴ് തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്‌സഭ സ്‌പീക്കറായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകൾ ചെയ്‌ത നേതാവായിരുന്നു ശിവരാജ് പാട്ടീൽ. ആദ്യം ഇന്ദിരാ ഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1991 ൽ സ്‌പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. ആ സമയം ദുരന്ത മുഖത്ത് നേരിട്ടെത്തുകയും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്‌തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!