വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സെനറ്റിന്റെ പൂർണ പിന്തുണ. ട്രംപിൻ്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാനും കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ആക്രമണം തുടരുന്നത് തടയാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. ഇതോടെ ഇറാനു മേൽ കൂടുതൽ ശക്തമായ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് വഴിതുറന്നു.
ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അമേരിക്കൻ സൈന്യം അതിവേഗം തകർക്കുകയാണെന്ന് അദേഹം പറഞ്ഞു. “നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രമാണ് ഇറാൻ. നിലവിലെ സൈനിക നീക്കം ഇറാൻ്റെ ഈ പോക്ക് അവസാനിപ്പിക്കും,” ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. അസർബൈജാൻ വിമാനത്താവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തി. നാഹ്ചിവൻ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇന്നലെ ഉച്ചയോടെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലും വീണെന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം അസർബൈജാനുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതിതീവ്രമായി തുടരുകയാണ്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാന് മേൽ 11-ാം വട്ടം വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ ഭരണകൂട കമാൻഡ് സെന്ററുകൾ, മിസൈൽ സംവിധാനങ്ങൾ, ഐ.ആർ.ജി.സി (IRGC) താവളങ്ങൾ എന്നിവ ലക്ഷ്യം വെച്ചു. കിഴക്കൻ ടെഹ്‌റാനിലെ ഇറാൻ പ്രധാന സൈനിക സമുച്ചയത്തിന് നേരെ ഇസ്രയേൽ പ്രതിരോധ സേന വൻ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ ഐ.ആർ.ജി.സി (IRGC), ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനങ്ങൾ ഇസ്രായേൽ തകർത്തു. മേഖലയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,230 കടന്നു.
ഇറാൻ ഇതിന് തിരിച്ചടിയായി ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തു. ടെൽ അവീവ്, ജറുസലേം മേഖലകളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് ‘ശക്തമായ തിരിച്ചടി‘ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രസിഡന്റ്റ് മസൂദ് പെഷസ്‌കിയാൻ പ്രതികരിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ രാജ്യം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തുർക്കി, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങൾക്ക് നേരെയും എത്തി. ഖത്തർ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് ഇറാനിയൻ ബോംബറുകളെ വെടിവെച്ചിട്ടു എന്നും വാർത്തകൾ ഉണ്ട്. ബഹ്‌റൈനിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയിൽ ഇറാന്റെ മിസൈൽ പതിക്കുകയും വലിയ തീപിടുത്തം ഉണ്ടാവുകയും ചെയ്തു.
തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ആയിരക്കണക്കിന് കുടുംബങ്ങൾ പ്രദേശം വിട്ടു പലായനം ചെയ്യുകയാണ്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ (Dahiyeh) മുഴുവൻ ജനങ്ങളോടും ഉടനടി ഒഴിഞ്ഞുപോകാമൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. ഹിസ്ബുള്ള ഇസ്രായേലിന്റെ മൂന്ന് സൈനിക താവളങ്ങൾക്ക് (Ramat David airbase, Meron monitoring base, Camp Yitzhak) നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. മറുപടിയായി ഹിസ്ബുള്ളയുടെ ആസ്ഥാനമായ ‘അൽ-മനാർ’ ടിവി ഓഫീസുകളും ഇസ്രായേൽ തകർത്തു. തെക്കൻ ലെബനാനിലേക്ക് ഇസ്രായേൽ കരസേന കൂടുതൽ ആഴത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 80-ലധികം കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.
ഇറാഖ് അതിർത്തിയിൽ നിന്ന് കുർദിഷ് പോരാളികൾ ഇറാനിൽ കര ആക്രമണം ആരംഭിച്ചു.


