മലങ്കര സഭയുടെ മൂപ്പൻ കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചുള്ള ഈയുള്ളവന്റെ പോസ്റ്റ് വായനക്കാരിൽനിന്നും പലതരത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കുവാൻ ഇടയായി. പല ശ്രേഷ്ഠ വ്യക്തിത്വങ്ങളും തങ്ങളുടെ മത-രാഷ്ട്രീയ ചേരികളിൽനിന്നുകൊണ്ട് വിഷയത്തെ വിശകലനം ചെയ്യുന്നത് കാണാനിടയായി. അപ്പോഴൊക്കെയും, ഈ വ്യക്തിത്വങ്ങൾ കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടാണോ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് എന്ന് സംശയം തോന്നാതിരുന്നില്ല.
കൂടാതെ ഈയുള്ളവനെ വിമർശിച്ചും ധാരാളം അഭിപ്രായങ്ങൾ ലഭിച്ചു. അതിൽ പ്രധാനമായും രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ് മുന്നിട്ടുനിൽക്കുന്നത്. ഒന്നാമത്തെ ഗ്രൂപ്പുകാർ മലങ്കര നസ്രാണികൾ അടങ്ങുന്ന തീവ്ര നിലപാടുള്ളവരാണ്. തോമാശ്ലീഹാ പൊതുവർഷം (CE) 52-ൽ മലങ്കരയിൽ വന്നിട്ടില്ല എന്ന് ഞാൻ പരോക്ഷമായി സൂചിപ്പിച്ചു എന്നതാണ് അവരുടെ പ്രശ്നം. അങ്ങനെ ഒരു വാദം തങ്ങളുടെ ഒന്നാം നൂറ്റാണ്ടിലെ അസ്തിത്വത്തെ ബാധിക്കുമെന്നും, അത് മലങ്കര മൂപ്പന്റെ “ഹൈന്ദവ മതത്തിനും മുൻപേ ക്രിസ്ത്യാനികൾ മലങ്കരയിൽ ഉണ്ട്” എന്ന വാദഗതിക്ക് വിരുദ്ധമാവുമെന്നും അവർ തെറ്റായി ധരിച്ചിരിക്കുന്നു.
എന്നെ എതിർക്കുന്നതിൽ മുന്നിട്ടുനിന്ന അടുത്ത കൂട്ടർ സംഘപരിവാർ അനുഭാവികളായിരുന്നു. തങ്ങളുടെ മതത്തിന്റെ അസ്തിത്വത്തെയും പുരാതനത്വത്തെയും തന്നെ ചോദ്യം ചെയ്യുന്ന മലങ്കര മൂപ്പന്റെ പ്രസ്താവനയോട് ഞാൻ ഭാഗികമായി യോജിച്ചതുകൊണ്ട് അവർക്കും ഈയുള്ളവൻ ശക്തമായി ആക്രമിക്കപ്പെടേണ്ട വ്യക്തിയായി. ഫേക്ക്/ലോക്ക് ഐഡികൾ സൃഷ്ടിച്ച് യാതൊരു യുക്തിബോധവുമില്ലാത്ത വാദഗതികളും അധിക്ഷേപങ്ങളും നടത്തുക എന്ന മാർഗ്ഗമാണ് അവർ സ്വീകരിച്ചത്. വർഷങ്ങളായി ഇത്തരം ബുദ്ധിജീവികളോട് സംവദിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, ആശയസംവാദത്തിന് പകരം വ്യക്തിഹത്യ നടത്തുന്ന ഇവരുടെ ശൈലി അപഹാസ്യമാണ് എന്ന് പറയാതെ വയ്യ.
അതുകൊണ്ട്, കാര്യങ്ങളെ ബൗദ്ധികതലത്തിൽ വിചിന്തനം ചെയ്യുന്നവർക്കുവേണ്ടി ഈ രണ്ടുകൂട്ടരും ഉയർത്തിയ വാദഗതികളുടെ നിജസ്ഥിതി ആധുനിക പഠനങ്ങളുടെ വെളിച്ചത്തിൽ താഴെ വ്യക്തമാക്കുന്നു.
ഹിന്ദു മതം എന്നൊരു മതമുണ്ടോ?
ബ്രിട്ടീഷുകാരുടെ കാലത്തെ സെൻസസുമായി (Census) ബന്ധപ്പെട്ടാണ് ‘ഹിന്ദു’ എന്ന വാക്ക് ആദ്യമായി ഒരു മതമായി രേഖപ്പെടുത്തുന്നത്. അതിനുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്ന ബഹുജനത്തെ അവരവരുടെ ചാതുർവർണ്ണ പ്രകാരമുള്ള പേരുകളോ മത സംജ്ഞകളോ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞിരുന്നത്. മുഗളന്മാരുടെ കാലത്തെ ബ്രാഹ്മണ/ആര്യ മതവും ബ്രിട്ടീഷുകാരുടെ കാലത്തെ സനാതന മതവും പിന്നീട് ബ്രിട്ടീഷുകാരാൽ തെറ്റായി ഹൈന്ദവ മതമായി നാമകരണം ചെയ്യപ്പെടുകയാണ് ഉണ്ടായത്. സെൻസസ് കാലഘട്ടത്തിൽ നിലനിന്നിരുന്ന ബുദ്ധ, ജൈന, സിഖ്, ഇസ്ലാം, ക്രിസ്ത്യൻ, ജൂത, പാഴ്സി മുതലായ മതങ്ങളിൽപെടാത്ത എല്ലാവരെയും യാതൊരു നിർവ്വചനമോ വിശ്വാസ ഐക്യമോ നോക്കാതെ ബ്രാഹ്മണ മതത്തിന്റെ കീഴിൽ ചേർത്ത് ‘ഹൈന്ദവം’ എന്ന് വിളിച്ചു.
ഇതിനുപിന്നിൽ അക്കാലത്തെ ഓറിയന്റലിസ്റ്റുകളുടെ ഇന്ത്യൻ സംസ്കൃതിയെക്കുറിച്ചുള്ള വികലമായ വീക്ഷണമായിരുന്നു. സംസ്കൃതമാണ് എല്ലാ ഇന്ത്യൻ ഭാഷകളുടെയും മാതാവ് എന്ന തെറ്റായ ധാരണ ഇവർ പുലർത്തിയിരുന്നു. എന്നാൽ ആധുനിക ഭാഷാശാസ്ത്രത്തിന്റെ വികാസത്തിൽ സംസ്കൃതത്തേക്കാൾ പുരാതനമായ ദ്രമിള/തമിഴ് ഭാഷയുടെ അസ്തിത്വം തെളിയിക്കപ്പെട്ടതോടെ ഇത്തരം ആശയങ്ങൾ തിരുത്തപ്പെട്ടു.
ഹിന്ദു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ഹിന്ദു എന്നത് ഒരു മതമല്ല, അതൊരു സംസ്കൃതിയാണ്. സിന്ധു നദിക്ക് കിഴക്ക് അധിവസിക്കുന്നവരെ വിളിക്കാൻ ഉപയോഗിച്ച പേരാണത്. ‘സിന്ധ്’ (Sindh) എന്നതിലെ ‘സ്’ (S) എന്ന സ്വരം ഉച്ചരിക്കാൻ പ്രയാസമായതിനാൽ പേർഷ്യക്കാർ അതിനെ ‘ഹ്’ (H) ചേർത്ത് വിളിച്ചു. അങ്ങനെ പേർഷ്യക്കാരന് നാം ‘ഹിന്ദ്’ ആയി. അതേസമയം ഗ്രീക്കുകാരന് ‘ഹ്’ വഴങ്ങാത്തതുകൊണ്ട് അവൻ ‘ഇ’ (I) ഉപയോഗിച്ച് ‘ഇന്ദേ’ (Indos) എന്നുവിളിച്ചു. അങ്ങനെ നാം ഇന്ത്യക്കാരായി. ഗംഗാസമതലത്തിൽ ഭരതവർഷം ആരംഭിക്കുന്നതിനേക്കാൾ പുരാതനമാണ് ഇന്ത്യയും ഹിന്ദുവും എന്ന സംജ്ഞകൾ.
സിന്ധ് (Cint) എന്ന പ്രോട്ടോ-ദ്രാവിഡ പദം
സിന്ധ് എന്ന പേര് എവിടെനിന്നു വന്നു? സിന്ദ് (Cint) എന്നത് ഒരു പ്രോട്ടോ-ദ്രാവിഡ പദമാണ്. അത് സിന്ധു നാട്ടിൽ ഇടതൂർന്നു വളരുന്ന ഈന്തപ്പനകളെയാണ് (Date Palm) അർത്ഥമാക്കുന്നത്. കന്യാകുമാരി മുതൽ ബാക്ട്രിയ വരെ ഉപയോഗത്തിലിരുന്ന ദ്രാവിഡ ഭാഷാ പദത്തിൽ നിന്നാണ് ഈ സസ്യനാമം ഉത്ഭവിച്ചത്. അതായത്, ‘സിന്ധ്’ മരങ്ങളുടെ ഇടയിലൂടെ ഒഴുകിയ നദി സിന്ധു നദിയും, അതിനു കിഴക്ക് അധിവസിച്ചിരുന്ന മനുഷ്യകുലം ‘ഹിന്ദു’വുമായി. (Southworth, F. C. 2005, 1988, 2012). ഇതനുസരിച്ച് നായർ, ജാട്ട്, നമ്പൂതിരി, നസ്രാണി, മുസ്ലിം, സിഖ്, ജൈനി, ഊരാളി, സാന്താൾ തുടങ്ങി ഈ നാട്ടിലെ സകല മനുഷ്യരും ‘ഹിന്ദു’ ആണ്.
ഇതിനെ സഹായിക്കുന്ന ഭാഷാശാസ്ത്രപരമായ ചില കോഗ്നേറ്റുകൾ (Cognates) താഴെ നൽകുന്നു:
Tamil: īntu
Malayalam: īntu
Kannada: īcal, īcala, īcale, īcil
Telugu: īta, īdu
Pa: cīnd
Gondi: sindi
Prakrit: sindī
Sanskrit: hintāla (ഈന്തപ്പനയുടെ സംസ്കൃത രൂപം)
Bantu (Africa): mu-kindu
Sumerian: šid-šid
ഇന്ത്യ എന്ന ഭൂമിശാസ്ത്രപരമായ സങ്കല്പം
മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ആദ്യമായി ഇന്ത്യയെ നേരിട്ട് പരിചയപ്പെടുന്നത്. അതിനുമുൻപ് കച്ചവടക്കാർ വഴി എത്തുന്ന വിവരങ്ങൾ മാത്രമേ പാശ്ചാത്യർക്ക് ഉണ്ടായിരുന്നുള്ളൂ. ചരക്കുകൾ സിന്ധ് (ഇന്ദൂ) നദിയുടെ കിഴക്കുനിന്നും വരുന്നു എന്നുമാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തെക്കുകിഴക്കനേഷ്യൻ (South-East Asian) രാജ്യങ്ങളിൽനിന്നുള്ള ചരക്കുകളാണെങ്കിലും അവർ അതിനെ ‘ഇന്ത്യയിൽനിന്നുള്ളത്’ എന്ന് വിളിച്ചു.
പുരാതന എഴുത്തുകാർക്ക് ഭൗമശാസ്ത്രപരമായ അറിവുകൾ പരിമിതമായിരുന്നു. തന്മൂലം എത്യോപ്യക്ക് വടക്കുകിഴക്കോട്ടു കിടക്കുന്ന പ്രദേശങ്ങളെയും തെക്കേ അറേബ്യയെയും വരെ അവർ പലപ്പോഴും ‘ഇന്ത്യ’ എന്ന് വിളിച്ചിരുന്നതായി കാണാം.(Weinstein, B. 2000, p.16 & 17; Mayerson, P. 1993, pp.169-174; Schneider, P. 2015, pp.184-202) അതായത് “ഇന്ത്യ” എന്നത് ഒരു മതമോ ഏകശിലാരൂപമായ ജനവിഭാഗമോ ആയിട്ടല്ല, മറിച്ച് ഒട്ടേറെ വ്യത്യസ്ത വിശ്വാസങ്ങളും സംസ്കാരങ്ങളും നിലനിന്നിരുന്ന ഒരു വലിയ ഭൂമിശാസ്ത്ര പ്രദേശം (Geographical Entity) എന്ന നിലയിലാണ് പടിഞ്ഞാറൻ ലോകം കണ്ടത്.
ഇവിടെയാണ് സംഘപരിവാർ മുന്നോട്ടുവെക്കുന്ന സനാതനമെന്ന ബ്രാഹ്മണമതം ഒരു വിദേശമതമായി മാറുന്നതും, ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ബ്രാഹ്മണ ഹയരാർക്കിയിലേക്ക് (മനുസ്മൃതി പ്രകാരമുള്ള വിവിധ വർണ്ണങ്ങളിലേക്ക്) മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് തെളിയുന്നതും. അതുകൊണ്ടാണ് മലങ്കര മൂപ്പൻ പറഞ്ഞ ആശയങ്ങൾ ചരിത്രപരമായി അർത്ഥവത്താകുന്നത്.
അടുത്ത ഭാഗത്തു ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ:
- കേരളത്തിൽ ബ്രാഹ്മണ കുടിയേറ്റം എന്നുമുതൽ – തെളിവുകളുടെ പശ്ചാത്തലത്തിൽ.
- തോമാശ്ലീഹായുടെ മലങ്കര സന്ദർശനം സത്യമോ മിഥ്യയോ?
- എന്തുകൊണ്ടാണ് യേശുമതം (Religion of Jesus) സനാതന/ബ്രാഹ്മണ മതത്തേക്കാൾ മലങ്കരയിൽ പുരാതനമെന്ന് അവകാശപ്പെടാൻ കാരണം.
Reference
1) Southworth, F. C. 2005, Linguistic Archaeology of South Asia (2005), Routledge. Chapter 7 & 8.
2)Southworth, F. C. 1988, Ancient economic plants of South Asia: linguistic archaeology and early agriculture”. Languages and Cultures, edited by Mohammad Ali Jazayery and Werner Winter, Berlin, New York: De Gruyter Mouton, 1988, pp. 649-668.
3)Southworth, F. C. 2012, Rice in Dravidian.” Rice, 4(3-4), 142-148
4) Weinstein, B. (2000). Biblical Evidence of Spice Trade Between India and the Land of Israel: A Historical Analysis. Indian Historical Review, 27(1), 12–28
5)Mayerson, P. (1993). A Confusion of Indias: Asian India and African India in the Byzantine Sources. Journal of the American Oriental Society, 113(2), 169–174
6) Schneider, P. (2015). The So-called Confusion between India and Ethiopia: The Eastern and Southern Edges of the Inhabited World from the Greco-Roman Perspective. In BRILL eBooks (pp. 184–202).m
തോമസ് ജോർജ്



