Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നു സജി ചെറിയാൻ; പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി.
ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നു സജി ചെറിയാൻ; പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി.

ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നു സജി ചെറിയാൻ; പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി.

by Editor
Send your news and Advertisements

സിപിഎം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാൻ. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും” സജി ചെറിയാൻ പരിഹസിച്ചു. പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരനെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് പാർട്ടി എപ്പോഴും ആഗ്രഹിച്ചത്. എന്നാൽ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നൽകി വളർത്തിയ പാർട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലെ പാർട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്ന സൂചനയും മന്ത്രി നൽകി.

പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി വിമർശിച്ചു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്.അതിലൊന്നും ഒരു കാര്യവും ഇല്ല, പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് എം എം മണി പ്രതികരിച്ചു. അതേസമയം, എം എം മണിയുടെ പരാമർശത്തിന് ജി സുധാകരൻ മറുപടി പറയുകയുണ്ടായി. എം എം മണി ഇടുക്കിയിലെ ‘ ശൂ’ ആണെന്നും ആലപ്പുഴയിലെ കാര്യത്തിൽ എം എം മണിയ്ക്ക് എന്ത് കാര്യമെന്നും ജി സുധാകരൻ ചോദിച്ചു.

ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപനം നടത്തിയതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം പാടേ മാറിയിരിക്കുകയാണ്. സിപിഎം കോട്ടയായ അമ്പലപ്പുഴയിൽ സുധാകരന്റെ സാന്നിധ്യം ഇടതുമുന്നണിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ട്.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ജി സുധാകരനെ അമ്പലപ്പുഴയിൽ പിന്തുണക്കുന്ന കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ജി സുധാകരനുമായി ബന്ധപ്പെട്ടിട്ടില്ല. മത്സരിക്കുമെന്നത് ഗൗരവമായി കാണുന്നു. മറ്റു നേതാക്കള്‍ സുധാകരനുമായി സംസാരിച്ചോയെന്ന് അറിയില്ല എന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കാലത്തും ജനാധിപത്യ മര്യാദ കാണിച്ച നേതാവാണ്. അദ്ദേഹത്തോട് പാർട്ടി കാണിച്ചത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുകളോട് പോലും ചെയ്യാൻ പാടില്ലാത്തത് സിപിഎം ജില്ലാ നേതൃത്വം ചെയ്തു. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങൾ ആണ് മുഖ്യമന്ത്രി ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടി അദ്ദേഹത്തെ അപമാനിച്ച് അക്ഷേപിച്ച് പുകച്ച് പുറത്തു ചാടിച്ചു. സിപിഎമ്മിന്‍റെ ചരിത്രം ഇതാണ്. ഗൗരിയമ്മയ്ക്കും എം.വി.രാഘവനും ഉണ്ടായത് ഇതേ അനുഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You may also like

error: Content is protected !!