Tuesday, April 7, 2026
Home » ശബരിമല യുവതീപ്രവേശനം: വിശ്വാസ-മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
സുപ്രീംകോടതി

ശബരിമല യുവതീപ്രവേശനം: വിശ്വാസ-മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.

by Editor
Send your news and Advertisements

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, വിശ്വാസ-മതാചാര കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തു. ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. യുവതീപ്രവേശനം അനുവദിച്ചാൽ ശബരിമലയിലെ ആരാധനാസ്വഭാവം മാറുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മാചാരിയാണെന്നും അതിനാൽ യുവതി പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ ആചാരം ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ മാത്രം ബാധിക്കുന്നതാണെന്നും കേന്ദ്രം കോടതിയെ ഓർമിപ്പിച്ചു. ദർഗ സന്ദർശിക്കുമ്പോൾ തല തുണികൊണ്ട് മറയ്ക്കുന്നത് ആചാരമാണ്. അതുപോലെ പ്രായത്തിലെ നിയന്ത്രണം ശബരിമലയിലെ ആചാരമാണ്. നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹ്യ തിന്മയായ അയിത്തവുമായി ആചാരങ്ങളെ താരതമ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് തുഷാർമേത്ത പറഞ്ഞു. ശബരിമല വിധിയിൽ തുല്യത എന്നത് ലിംഗസമത്വം എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 ഇതിനകംതന്നെ ലിംഗസമത്വം ഉൾക്കൊള്ളുന്നു. തുല്യത എന്ന വാക്കിന് ലിംഗഭേദവുമായി യാതൊരു ബന്ധവുമില്ല. പൊതു ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും എല്ലാവർക്കുമായി തുറന്നു കൊടുക്കണം എന്ന വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പ്രധാനമായും അയിത്തം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ശബരിമല വിധിയിൽ ഈ വകുപ്പിനെ സ്ത്രീ പ്രവേശനത്തിനുള്ള അനുവാദമായി വ്യാഖ്യാനിച്ചിരുന്നു എന്നും അദ്ദേഹം വാദിച്ചു. ശബരിമലയിലെ നിയന്ത്രണം ലിംഗവിവേചനമല്ല മറിച്ച് നൂറ്റാണ്ടുകളായുള്ള ആചാരമാണെന്ന് കേന്ദ്രം വാദിച്ചു. മറ്റ് ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങളിൽ ഈ നിയന്ത്രണമില്ലാത്തതിനാൽ ഇത് ശബരിമലയുടെ മാത്രം സവിശേഷതയാണെന്നും കേന്ദ്രം വ്യക്തമാക്കി.

കേസിൽ കേന്ദ്ര സർക്കാർ ഒരു പ്രത്യേക പക്ഷത്തല്ല എന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഷിയാ, സുന്നി വിഭാഗങ്ങളെ ഉദാഹരിച്ച് ഇസ്ലാം മതം എന്നത് കേവലം ഒരൊറ്റ രീതിയല്ലെന്നും, മതങ്ങളുടെ വൈവിധ്യം കോടതി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷിർദ്ദി സായിബാബ ക്ഷേത്രം, നിസാമുദ്ദീൻ ഔലിയ ദർഗ എന്നിവിടങ്ങളിൽ എല്ലാ മതവിഭാഗങ്ങളിലും ഉപവിഭാഗങ്ങളിലും പെട്ടവർ എത്താറുണ്ട്. ഇവയെ ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിൽ മാത്രം ഒതുക്കാനാവില്ല. ശബരിമല ഉൾപ്പെടെ ഓരോ ആരാധനാലയത്തിനും അതിൻ്റേതായ ആചാരങ്ങളും വിശ്വാസികളുമുണ്ട്. ആത്മീയമായ ഔന്നത്യത്തിൽ എത്താതെ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നത് അസാധ്യമാണെന്നും, അതിനാൽ കോടതികൾ ഇതിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബഞ്ചാണ് വാദം. കേൾക്കുന്നത്. 2018 ലെ സുപ്രീംകോടതി വിധിയെ എതിർക്കുന്നവരാണ് മുന്ന് ദിവസം വാദിക്കുന്നത്.

ശബരിമല യുവതി പ്രവേശനം: എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ കത്തുനല്‍കി കേരളം.

You may also like

error: Content is protected !!