Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകൾക്കിടെ പുട്ടിൻ്റെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം
റഷ്യ യുക്രൈന്‍ യുദ്ധം

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകൾക്കിടെ പുട്ടിൻ്റെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം

by Editor
Send your news and Advertisements

ഫ്ലോറിഡ: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾ നടത്തുന്നതിനിടെ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ്റെ വസതിയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ. മോസ്കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിലുള്ള വ്‌ളാഡിമിർ പുട്ടിന്റെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആരോപിച്ചത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചർച്ചകളിൽ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ ഈ ആരോപണം നിഷേധിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ‘റെസിഡൻസ് സ്ട്രൈക്ക്’ എന്ന കഥ കീവിൽ ഉൾപ്പെടെ യുക്രെയ്നെതിരായി കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനും യുദ്ധം അവസാനിപ്പിക്കാതിരിക്കാനുള്ള റഷ്യൻ നീക്കത്തെ ന്യായീകരിക്കാനും ഉള്ളതാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. ‘പ്രസിഡന്റ് ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ എല്ലാ നേട്ടങ്ങളെയും ദുർബലപ്പെടുത്തുന്നതിന് അപകടകരമായ പ്രസ്താവനകൾ റഷ്യ ഉപയോഗിക്കുന്നുവെന്നും’ എക്സ് പോസ്റ്റിലൂടെ സെലൻസ്കി വിമർശിച്ചു. എല്ലാവരും ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കീവിൽ റഷ്യ ആക്രമണം നടത്തിയേക്കാമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതിനിടെ കിഴക്കൻ യുക്രെയ്നിൽ ഡോണെട്സ്ക് മേഖലയി‍ലെ ഡിബ്രോവ ഗ്രാമം കൂടി പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രെയ്നിൽ കൂടുതൽ മേഖലകൾ പിടിച്ചെടുത്ത് റഷ്യ മുന്നേറുകയാണെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഡോണെട്സ്, ഖേഴ്‌സൻ, സാപൊറീഷ്യ എന്നീ മേഖലകൾ റഷ്യയോടു ചേർക്കുകയാണെന്ന് 2022 ൽ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. ഘട്ടംഘട്ടമായി ഈ മേഖലകളെല്ലാം പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണെന്നും പുട്ടിൻ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ട്രംപ് സുപ്രധാന ചർച്ച നടത്തിയിരുന്നു . സെലൻസ്കിയെ കാണുന്നതിന് തൊട്ടുമുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ചും ട്രംപ് സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയിന്മേൽ മികച്ച പുരോഗതിയുണ്ടായെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ പോരാട്ടത്തിനാണ് വിരാമമാകാൻ പോകുന്നതെന്നാണ് ചർച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചത്. ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് സെലൻസ്‌കിയും വ്യക്തമാക്കി.

ജനുവരിയിൽ ട്രംപും സെലൻസ്‌കിയും വീണ്ടും കൂടിക്കാഴ്‌ച നടത്തും. പുടിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ത്രികക്ഷി ഉച്ചകോടിയിലൂടെ യുദ്ധത്തിന് പൂർണവിരാമമിടാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഉടനടി ഉണ്ടായില്ലെങ്കിലും യുദ്ധം ഇനി അധികകാലം നീളില്ലെന്ന ട്രംപിൻ്റെ അവകാശവാദം ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

You may also like

error: Content is protected !!