ടെഹ്റാൻ: യുഎസ് ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിൽ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽനിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. അതിനിടെ വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളും ശ്രമം ആരംഭിച്ചു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ പ്രധാനമായും ട്രംപ് ഭരണകൂടത്തെ സൈനിക നടപടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇറാനെതിരായ ഏതെങ്കിലും സൈനിക നീക്കം മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. മേഖല യുദ്ധഭീതിയിലായതോടെയാണ്, ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ.
ഇറാൻ ഇതിനകം തന്നെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധസാധ്യത ഉണ്ടായാൽ എണ്ണവില കുത്തനെ ഉയരുകയും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്ക സൗദി അറേബ്യയെയും ഖത്തറിനെയും ഏറെ അലട്ടുന്നു. കാലങ്ങളായി അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത നടത്തുന്ന ഒമാൻ ഇരുപക്ഷത്തെയും ചർച്ചയ്ക്ക് തയ്യാറാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്.
സൈനിക നടപടിയിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ ഉബൈദ് വ്യോമത്താവളം ഒഴിയാൻ യുഎസ് സൈനികർക്കു നിർദേശം നൽകിയതായും വാർത്തകൾ ഉണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് ഖത്തറിലേത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറാന്‍റെ ആണവനിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അൽ ഉദൈദ് താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ സർക്കാരും തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാൻ-യുഎസ് സംഘർഷഭീതി ഉയരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇറാനിലേക്കു യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ളവർ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദേശമുണ്ട്. ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ആവിശ്യപെട്ടിട്ടുണ്ട്.
ഇറാനിലെ പ്രക്ഷോഭം: 2000 -ത്തിലധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; സഹായം ഉടനെത്തുമെന്നു ട്രംപ്.



