ടെഹ്റാൻ: ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നത്. ഇറാനിലെ അവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്നും സ്ഥിതിഗതികള്‍ താൻ നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉണ്ടായ പ്രതിഷേധം പതിനാലാം നാൾ പിന്നിടുമ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാൻ പരമാധികാരി ആയത്തുള്ള ഖൊമനേയിക്കെതിരെ തിരിഞ്ഞ പ്രതിഷേധക്കാർ പൗരോഹിത്യ ഭരണാധികാരികൾ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. സംഘർഷത്തിൽ ഇതുവരെ 68 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരുന്നൂറിലധികം പേര് കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
പ്രക്ഷോഭം ശക്തമാകുന്നതിനിടെ വിഷത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി രംഗത്ത് വന്നു. രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചനയും ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി നൽകി . സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം. ‘ദേശീയ വിപ്ലത്തിൻ്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു’-പഹ്ലവി എക്സിൽ കുറിച്ചു.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ ജീവിക്കുന്ന പഹ്ലവി പ്രതിഷേധം ശക്തമാകുന്നതിനിടെ വീഡിയോ സന്ദേശവുമായി രംഗത്ത് എത്തുകയായിരുന്നു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്നും അദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യ വ്യാപകമായി സമരങ്ങളിൽ പങ്കുചേരാനും പഹ്ലവി അഭ്യർത്ഥിച്ചു. 1979 -ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65 കാരനായ റിസ പഹ്ലവി. രാജഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനകൾ നേരത്തെ റിസ പഹ്ലവി നൽകിയിരുന്നു.
എന്നാൽ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ്ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി ആവർത്തിച്ച് വ്യക്തമാക്കിയത്. പ്രക്ഷോഭം ചെയ്യുന്നവർ ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്നാണ് ഖമനേയിയുടെ ആരോപണം. ഇറാനിൽ ഇടപെടുമെന്ന ഭീഷണിക്ക് മറുപടിയായി ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നും ഖമനേയി തിരിച്ചടിച്ചു. ഇതിനിടെ, മേഖലയിൽ യുഎസ് സൈനിക വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കി. മേഖലയിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങളും എത്തിക്കുന്നുണ്ട്.



