കാൻബറ: ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു. 2026 ഫെബ്രുവരി 3-ന് ചേർന്ന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ ഔദ്യോഗിക പലിശ നിരക്ക് (Cash Rate) ഇപ്പോൾ 3.85% ആയി ഉയർന്നു. രാജ്യത്ത് പ്രതീക്ഷിച്ചതിലും വേഗത്തിൽ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
കോമൺ വെൽത് ബാങ്ക് (CBA), ANZ, നാഷണൽ ഓസ്‌ട്രേലിയൻ ബാങ്ക് (NAB) എന്നിവ ഫെബ്രുവരി 13 മുതൽ തങ്ങളുടെ വേരിയബിൾ പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ്പാക് (Westpac) ഫെബ്രുവരി 17 മുതലായിരിക്കും പുതിയ നിരക്ക് നടപ്പിലാക്കുക. 0.25% വർദ്ധനവ് വരുമ്പോൾ, ശരാശരി 5 ലക്ഷം ഡോളറിന്റെ ഭവന വായ്പയുള്ളവർക്ക് പ്രതിമാസം ഏകദേശം 75 ഡോളർ അധികം തിരിച്ചടയ്ക്കേണ്ടി വരും. ഒരു മില്യൺ ഡോളറിന്റെ ലോൺ ഉള്ളവർക്ക് ഇത് മാസം 150 ഡോളർ വരെ വർദ്ധിക്കാം.
2025 അവസാനത്തോടെ പണപ്പെരുപ്പം 3.8% ആയി ഉയർന്നതാണ് ഈ വർദ്ധനവിന് പ്രധാന കാരണം. പണപ്പെരുപ്പം നിയന്ത്രണവിധേയമായില്ലെങ്കിൽ മെയ് മാസത്തിൽ ഒരു വർദ്ധനവ് കൂടി ഉണ്ടായേക്കാമെന്ന് CBA എക്കണോമിസ്റ്റുകൾ പ്രവചിക്കുന്നു.


