ന്യൂ ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ യും മറ്റു ഏജൻസികളും. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായവരിൽ അന്വേഷണം ഒതുങ്ങില്ലെന്നും ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഒരു വൻ തീവ്രവാദ ശൃംഖലയുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഡോക്ടർമാർ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ഭീകരാക്രണം നടത്താൻ 20 ലക്ഷത്തോളം രൂപ ഡോക്ടർമാർ സ്വരൂപിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്. രാജ്യത്ത് 32 ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി പഴയ കാറുകൾ വാങ്ങാനാണ് പണം സമാഹരിച്ചത്. ഇതിൽ മൂന്ന് ലക്ഷം രൂപയ്‌ക്ക് 20 കിന്റലോളം എൻപികെ രാസവളം വാങ്ങിയിരുന്നു. ഐഇഡി സ്ഫോടനമായിരുന്നു സംഘം ആസൂത്രണം ചെയ്തിരുന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം.
സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി.
ഭീകരവാദികൾ ഉപയോഗിച്ച നാലു കാറുകൾ കണ്ടെടുത്തു. ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നാണ് കണ്ടെടുത്തത്. ഭീകര സംഘത്തിലെ വനിതാ ഡോക്‌ടർ ഷഹീൻ സായിദിന്റെ കാറാണിത്. ഷഹീൻ സായിദ്, ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മുഅമിനാത്തിൻ്റെ ഇന്ത്യയിലെ നേതാവാണെന്നു പൊലീസ് പറഞ്ഞു. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു നേതൃത്വം വഹിച്ചെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു. ജയ്ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾക്ക് തുർക്കിയിലെ അങ്കാറയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു വിദേശ ഹാൻഡ്‌ലറുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൻ്റെ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് എന്നിവ ഏകോപിപ്പിച്ചത് അങ്കാറയിൽ നിന്നാണെന്നാണ് സൂചന. ഫരീദാബാദ് ഭീകരവാദ സംഘവുമായി ബന്ധമുള്ള നിരവധി പേർ 2022 മാർച്ചിൽ ഇന്ത്യയിൽ നിന്ന് അങ്കാറയിലേക്ക് പോയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ചാറ്റ് ഹിസ്റ്ററികൾ, കോൾ ലോഗുകൾ, പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.



