ഇസ്ലാമാബാദ്: ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ അതീവ ജാഗ്രത. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർ ഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാക്കിസ്ഥാൻ സായുധ സേന അതീവ ജാഗ്രതയിലാണെന്നാണ് വിവരം.
ഇന്ത്യയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകാനുമായി പാക്കിസ്ഥാന്റെ സെൻട്രൽ കമാൻഡ് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടിസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്.
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്നാണ് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. ഉമര്‍ മുഹമ്മദ്‌ന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയിലുള്ളത്. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി സൂചനയുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടുന്നതോടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും. ഫരീദാബാദില്‍ നിന്ന് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കളെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഫരീദാബാദ് ക്രൈം ബ്രാഞ്ചില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.



