കോട്ടയം: തെരഞ്ഞെടുപ്പടുത്തിരിക്കെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തി രമേശ് ചെന്നിത്തല. രാവിലെ കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ദേവലോകം തനിക്ക് പ്രിയപ്പെട്ട സ്ഥലമാണെന്നും താൻ അവിടത്തെ നിത്യസന്ദർശകനാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെയാണ് അദ്ദേഹം ദേവലോകം അരമനയിലെത്തിയത്. ഓര്‍ത്തഡോക്സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകളെക്കുറിച്ച് ബാവയുമായി സംസാരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സഭാ ആസ്ഥാനത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് (NSS) ആസ്ഥാനവും സന്ദർശിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായും കൂടിക്കാഴ്ച നടത്തി. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ സന്ദർശനങ്ങൾക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. എങ്കിലും സഭാ-സമുദായ നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധം പുതുക്കാനാണ് താൻ എത്തിയത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രചാരണ സമിതി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള സന്ദർശനമാണിത്. സമുദായ സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
സന്ദർശനത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. കോട്ടയത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാരെന്ന് വിഡി സതീശൻ പറഞ്ഞു. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്. 2023ൽ നൽകിയ ജെ ബി കോശി കമ്മീഷനാണ്. മൂന്നുവർഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണിത്. എന്നിട്ടാണ് ഇപ്പോൾ പിഎസ്‍സി പ്രായം കൂട്ടിയത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവിൽ സർക്കാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.


