തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം മടങ്ങിയെത്തിയ തന്ത്രി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സിപിഎം കോൺഗ്രസ് കുറുവാ സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അദ്ദേഹമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവനും കടകംപള്ളിയുമാണ് ജയിലില്‍ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അയ്യപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കില്‍ മൂന്നുകാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സ്റ്റേറ്റ്‌മെന്റ് നല്‍കണം. യുവതി പ്രവേശന കേസുകള്‍ എല്ലാം പിന്‍വലിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മൂടിവെക്കാനോ വിശ്വാസികളെ വഞ്ചിക്കാനോ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. നീതിക്കും വിശ്വാസ സംരക്ഷണത്തിനുമായുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


