തൃശൂർ: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നീ പദ്ധതിക്ക് മന്ത്രാലയം അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വികസനത്തിൻ്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 12.66 കിലോമീറ്ററാണ് പാതയുടെ ദൂരം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം – തുറവൂർ -കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്കിന് പരിഹാരമാകും. ഒപ്പം പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒൻപത് പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ (1.80 കി.മീ) 163.57 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബൈപാസ് ലൈൻ വരുന്നതോടെ പാലക്കാട് ജംഗ്ഷനിലെ ട്രെയിൻ എൻജിൻ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് പഴങ്കഥയാകും. പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും. ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമവും മെച്ചപ്പെടും.


