രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ഇതോടെ സെപ്റ്റംബർ 15-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.
ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്ന് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. രാഹുൽ എംഎൽഎ സ്‌ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്‌ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡന്റായാണ് രാഹുൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കെഎസ്യുവിൽ വിവിധ ചുമതലകൾ വഹിച്ചു. 2017ൽ കെഎസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെഎസ്‌യു സംസ്‌ഥാന ജനറൽ സെക്രട്ടറി, എൻഎസ് ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തി.